National
ഇന്ത്യന്‍ നിര്‍മിത പോര്‍വിമാനം വികസിപ്പിക്കല്‍ അടുത്ത ഘട്ടത്തിലേക്ക്; ആറ് വര്‍ഷത്തിനുള്ളില്‍ പറക്കും

ന്യൂഡല്‍ഹി | ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കുന്ന ഇരട്ട എന്‍ജിനുള്ള തേജസ്- എന്‍ പോര്‍വിമാനം കൂടുതല്‍ വികസിപ്പിക്കാന്‍ എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (എ ഡി എ)യുടെ അനുമതി. നാവിക സേനയുടെ പടക്കപ്പലായ ഐ എന്‍ എസ് വിക്രമാദിത്യയില്‍ വിമാനത്തിന്റെ മൂലരൂപം ഇറക്കിയുള്ള പരീക്ഷണം വിജയകരമായതിനെ തുടര്‍ന്നാണിത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ പോര്‍വിമാനത്തിന്റെ നിര്‍മാണത്തെ സംബന്ധിച്ച് എ ഡി എ ചര്‍ച്ച ചെയ്തതായാണ് സൂചന. ഈ യോഗത്തിന് ശേഷമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റഗ്രേറ്റഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് പുതിയ പോര്‍വിമാനത്തിനുള്ള ഓപറേഷനല്‍ റിക്വയര്‍മെന്റ്‌സ് (ഒ ആര്‍) പുറപ്പെടുവിച്ചത്.
സ്വയം പര്യാപ്തത നേടാനുള്ള ആത്മനിര്‍ഭര്‍ പദ്ധതിക്ക് കീഴില്‍ പ്രതിരോധ മേഖലയില്‍ നിരവധി ഘടനാപരമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ് പുതിയ പോര്‍വിമാനത്തിന്റെ പുരോഗതി സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്. ഐ എന്‍ എസ് വിക്രമാദിത്യയില്‍ പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പോര്‍വിമാനത്തിന്റെ പ്രോട്ടോടൈപ് അവതരിപ്പിച്ചത്. ആറ് വര്‍ഷത്തിനുള്ളില്‍ പറക്കാന്‍ സാധിക്കും.