Connect with us

National

പമ്പ-ത്രിവേണിയിലെ മണല്‍ നീക്കല്‍; സര്‍ക്കാറിനോട് വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യൂണല്‍

Published

|

Last Updated

ന്യൂഡല്‍ഹി | പമ്പ-ത്രിവേണിയിലെ മണല്‍ നീക്കല്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യൂണല്‍. മണല്‍ നീക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സമിതിയെയും ട്രൈബ്യൂണല്‍ നിയോഗിച്ചു. പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെ ദുരന്ത നിവാരണ നിയമപ്രകാരം മണല്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടതിന്റെ കാരണം സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ടെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. പഠനം നടത്തി എത്ര മണല്‍ നീക്കം ചെയ്യണമെന്ന് നിര്‍ണയിച്ച ശേഷമാണോ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് പരിശോധിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

പമ്പ-ത്രിവേണിയിലെ മണല്‍ നീക്കലില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തു വന്നിരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേസ് ആന്‍ഡ് സെറാമിക്‌സിനോട് സൗജന്യമായി മണലെടുക്കാന്‍ നിര്‍ദേശിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയതോടെയായിരുന്നു ഇത്. വനസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയില്ലാതെയാണ് ഉത്തരവെന്നും മണല്‍ സ്വകാര്യ കമ്പനിക്ക് മറിച്ച് വില്‍ക്കുന്നതിന് വേണ്ടിയാണ് ഇതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

പത്തനംതിട്ട ജില്ലാ ഭരണകൂടം പമ്പാ-ത്രിവേണിയിലെ മണല്‍ ഇന്ന് നേരിട്ട് മാറ്റാന്‍ നടപടി തുടങ്ങിയിരുന്നു. മാറ്റുന്ന മണല്‍ തത്ക്കാലം വനാതിര്‍ത്തിക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ടെന്നാണ് തീരുമാനം. വിഷയത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി റവന്യൂ വകുപ്പ് ഫയലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.