National
ഡല്‍ഹിയില്‍ സ്‌പൈസ് ജെറ്റ് പൈലറ്റിന് തോക്ക് ചൂണ്ടി കവര്‍ച്ചക്കിരയാക്കി

ന്യൂഡല്‍ഹി |വിമാനത്താവളത്തിലേക്ക് കാറില്‍ പുറപ്പെട്ട സ്‌പൈസ് ജെറ്റ് പൈലറ്റിനെ തടഞ്ഞ് നിര്‍ത്തി തോക്ക് ചൂണ്ടി കൊള്ളയടിച്ചു. തെക്കന്‍ ഡല്‍ഹിയില്‍ പുലര്‍ച്ചയോടെയാണ് സംഭവം. പത്തോളം പേര്‍ ചേര്‍ന്നാണ് പൈലറ്റിനെ ആക്രമിച്ചത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് സമീപമുള്ള ഒരു ഫ്‌ളൈഓവറില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാപ്റ്റനായ യുവരാജ് തെവാടിയക്ക് നേരെയാണ് ആക്രമണമുണ്ടായത്.പുലര്‍ച്ചെ ഒരു മണിയോടെ ഫരീദാബാദിലെ വീട്ടില്‍ നിന്ന് ഓഫീസ് കാറില്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇരുചക്രവാഹനങ്ങളിലെത്തിയവരാണ് കാര്‍ തടഞ്ഞുനിര്‍ത്തി യുവരാജിനെ ആക്രമിച്ചത്.
കാറിനെ വളഞ്ഞ സംഘം ചില്ല് തകര്‍ത്തശേഷം പിസ്റ്റള്‍ ഉപയോഗിച്ച് പൈലറ്റിന്റെ തലക്കടിച്ചു. പൈലറ്റിന്റെ കൈവശമുണ്ടായിരുന്ന 34,000 രൂപ സംഘം തട്ടിയെടുക്കുകയും ചെയ്തു. പൈലറ്റ് വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് പൈലറ്റിനെ ആശുപത്രിയിലാക്കിയത്.