കൂട്ടക്കൊല മുതല്‍ വംശീയ വേട്ട വരെ

Posted on: June 4, 2020 4:00 am | Last updated: June 4, 2020 at 1:07 am


റിപ്പബ്ലിക്കന്മാരുടെ സര്‍ക്കാറുകളുടെ കാലത്ത് മാത്രമല്ല ഡെമോക്രാറ്റുകളുടെ സര്‍ക്കാറുകളുടെ കാലത്തും ബലപ്രയോഗത്തിന്റെയും വംശീയാക്രമണങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും സുദീര്‍ഘമായ ചരിത്രമാണ് അമേരിക്കക്ക് സ്വന്തമായുള്ളത്. അത് ആദ്യകാല കോളനി മേധാവികള്‍ നടത്തിയ റെഡ് ഇന്ത്യന്‍ വംശജരുടെ കൂട്ടക്കൊലകള്‍ മുതല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ വേട്ടകള്‍ വരെ നീണ്ടു കിടക്കുന്നു.

വെളുത്ത വംശവെറിയന്‍ മേധാവിത്വത്തിന്റെ കാല്‍മുട്ടുകളില്‍ അമര്‍ന്ന് ശ്വാസം കിട്ടാതെ മരിക്കാന്‍ വിസമ്മതിക്കുന്ന ഒരു ജനതയുടെ രോഷാകുലമായ പ്രതിഷേധങ്ങളാണ് അമേരിക്കന്‍ നഗരങ്ങളില്‍ ആഞ്ഞടിക്കുന്നത്. വര്‍ണ ഭീകരതയുടെയും ആഗോള കൊള്ളപ്രഭുക്കന്മാരുടെ (Rober Barans)യും രാഷ്ട്രീയ പ്രതിനിധിയായ ട്രംപ് ഭരണകൂടം കൊവിഡിന് മുന്നിലെന്ന പോലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുന്നിലും പകച്ചു നില്‍ക്കുകയാണ്. ഭീരുവായ ട്രംപ് ബങ്കറുകളില്‍ അഭയം തേടുകയും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസിനെയും സൈന്യത്തെയും അഴിച്ചുവിടുകയുമാണ് ഇപ്പോള്‍.
1990കളിലെ റോഡ്‌നി കിംഗ് സംഭവത്തെ തുടര്‍ന്ന് ലോസ് ആഞ്ചലസില്‍ പൊട്ടിപ്പുറപ്പെട്ട കറുത്ത വര്‍ഗക്കാരുടെ കലാപത്തിന് സമാനമായ പ്രക്ഷുബ്ധമായ സംഭവഗതികളിലൂടെയാണ് ഇന്ന് അമേരിക്കന്‍ ഐക്യനാടുകള്‍ കടന്നു പോകുന്നത്. അന്ന് പ്രസിഡന്റ് ജോര്‍ജ് ബുഷ് ഭീകരമായി പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തുകയായിരുന്നു. പോലീസിനെയും പട്ടാളത്തെയും കയറൂരി വിട്ടു. കറുത്തവരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പ്രാകൃതമായ പീഡനമുറകള്‍ക്കിരയാക്കി. പ്രക്ഷോഭകര്‍ക്ക് നേരെ 40 കിലോ ഭാരമുള്ള ജര്‍മന്‍ പട്ടികളെ വരെ അഴിച്ചുവിട്ട് അക്രമണത്തിനിരയാക്കി. ലോസ് ആഞ്ചലസില്‍ നിന്ന് മാത്രം 11,000 ത്തിലധികം പേരെ ജയിലിലടച്ചു.

ഇപ്പോള്‍ ട്രംപും ബുഷിനെ പോലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടി വെക്കുമെന്നും നായ്ക്കളെ അഴിച്ചുവിടുമെന്നും അടിച്ചമര്‍ത്തുമെന്നും ഭീഷണി മുഴക്കുകയാണ്. വര്‍ണവെറിയന്‍ പോലീസുകാര്‍ കറുത്തവരെ തിരഞ്ഞുപിടിച്ചു വേട്ടയാടുന്ന വാര്‍ത്തകളും ദൃശ്യങ്ങളുമാണ് അമേരിക്കയില്‍ നിന്ന് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയിലുടനീളം എന്നും കറുത്തവര്‍ക്കും റെഡ് ഇന്ത്യക്കാര്‍ക്കുമെതിരായ കടന്നാക്രമണങ്ങളും വിവേചനങ്ങളും സാധാരണമായിരുന്നു. കുക്ലസ് ക്ലാന്‍ പോലുള്ള നവനാസികളും വെള്ള പോലീസും ഇതില്‍ മുഖ്യ പങ്കാണ് വഹിക്കുന്നത്.
പോലീസും വെള്ള കൊലയാളി സംഘങ്ങളും നടത്തുന്ന വംശീയ കൊലകളെ നരഹത്യകളായിട്ടാണ് വിചാരണ ചെയ്യപ്പെടാറുള്ളത്. ജോര്‍ജ് ഫ്ലോയിഡിന്റെ കൊലയാളികള്‍ക്കെതിരെയും നരഹത്യക്കാണല്ലോ കേസെടുത്തത്.

വിലങ്ങിട്ട് ബന്ധനസ്ഥനാക്കിയ ഒരു മനുഷ്യനെ കാല്‍മുട്ടുകള്‍ അമര്‍ത്തി നിര്‍ദയമായി ശ്വാസം മുട്ടിച്ച് കൊല ചെയ്ത വെള്ളപ്പോലീസുകാര്‍ക്കെതിരെ കൃത്യനിര്‍വഹണത്തിനിടയില്‍ സംഭവിച്ചു പോയ നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്! റിപ്പബ്ലിക്കന്മാരുടെ ഭരണകൂട വക്താക്കളും അവരുടെ ജിഹ്വകളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഇത് കൊലപാതകമല്ല മറിച്ച് അബദ്ധത്തില്‍ സംഭവിച്ച മരണം എന്നാണ്.
ലിബറലിസത്തിന്റെയും മഹാ ജനാധിപത്യത്തിന്റെയും മാതൃകാ സമൂഹമായിട്ടാണ് പലരും അമേരിക്കയെ വിശേഷിപ്പിക്കാറുള്ളത്. ലോക രാജ്യങ്ങള്‍ക്കെതിരായ അവരുടെ കടന്നാക്രമണങ്ങളെയും തങ്ങള്‍ക്ക് അനഭിമതരായ ജനസമൂഹങ്ങള്‍ക്കെതിരായ വിവേചന ഭീകരതയെയുമെല്ലാം ജനാധിപത്യത്തിന് വേണ്ടിയുള്ള “വിശുദ്ധ യുദ്ധ’ങ്ങളായിട്ടാണ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ കൊണ്ടാടാറുള്ളത്. ഇപ്പോള്‍ ജോര്‍ജ് ഫ്ലോയിഡിന്റെ നിഷ്ഠൂര വധവും അതിനെ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട പ്രക്ഷുബ്ധമായ സാഹചര്യവും അമേരിക്കന്‍ സമൂഹത്തിന്റെ ഹിംസ്ര മുഖത്തെയാണ് അനാവരണം ചെയ്തിരിക്കുന്നത്. അമേരിക്ക നയിക്കുന്ന ആഗോള ഫൈനാന്‍സ് മൂലധന വ്യവസ്ഥയും വംശീയതയും ചേര്‍ന്ന നവ ഫാസിസ്റ്റ് രാഷ്ട്രീയത്തെ സംബന്ധിച്ച തിരിച്ചറിവുകള്‍ക്ക് കൂടിയാണ് ഈ സംഭവങ്ങള്‍ തിരികൊളുത്തിയിരിക്കുന്നത്.

ALSO READ  വംശീയവിരുദ്ധ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം: കറുത്ത കാറുകളുമായി മെഴ്‌സിഡസ്

കറുത്തവരെയും ദരിദ്രരെയും വെറുതെ ആക്രമിക്കുക എന്നത് അമേരിക്കന്‍ പോലീസിന്റെയും കുക്ലസ് ക്ലാന്‍ പോലുള്ള വെള്ള കൊലയാളി സംഘങ്ങളുടെയും പതിവു സ്വഭാവമാണ്. കറുത്തവരെ എന്ന പോലെ കുടിയേറ്റക്കരെയും തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകരെയും ക്രിമിനലുകളായി മുദ്രകുത്തി വേട്ടയാടുന്ന ഒരു തരം വംശീയബോധം അമേരിക്കന്‍ ഭരണകൂടത്തില്‍ നൈരന്തര്യം നഷ്ടപ്പെടാത്ത ഹിംസാത്മക പ്രവണതയായി തുടരുന്നുണ്ട്. റിപ്പബ്ലിക്കന്മാരുടെ സര്‍ക്കാറുകളുടെ കാലത്ത് മാത്രമല്ല ഡെമോക്രാറ്റുകളുടെ സര്‍ക്കാറുകളുടെ കാലത്തും ബലപ്രയോഗത്തിന്റെയും വംശീയാക്രമണങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും സുദീര്‍ഘമായ ചരിത്രമാണ് അമേരിക്കക്ക് സ്വന്തമായുള്ളത്. അത് ആദ്യകാല കോളനി മേധാവികള്‍ നടത്തിയ റെഡ് ഇന്ത്യന്‍ വംശജരുടെ കൂട്ടക്കൊലകള്‍ മുതല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ വേട്ടകള്‍ വരെ നീണ്ടു കിടക്കുന്നു.
അമേരിക്കന്‍ അധികാര ഘടനയെ നിര്‍ണയിക്കുന്ന മൂലധന ശക്തികള്‍ ആംഗ്ലോ സാംഗ്‌സന്‍ വംശാഭിമാനത്തെ തങ്ങളുടെ ആധിപത്യ പ്രത്യയശാസ്ത്രമായി വളര്‍ത്തിയെടുക്കുകയായിരുന്നു. ലോകത്തെ നയിക്കാനും ഭരിക്കാനും തിരഞ്ഞെടുക്കപ്പെട്ട ജനതയാണ് തങ്ങളെന്ന ബോധമാണ് അവരെ നയിക്കുന്നത്. മറ്റുള്ള ജനസമൂഹങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തരും സവിശേഷരുമാണ് തങ്ങളെന്ന അധീശത്വ വരേണ്യ ബോധമാണ് അമേരിക്കന്‍ ഭരണ വര്‍ഗങ്ങളുടേത്. വംശീയമായ ശ്രേഷ്ഠതയും മേധാവിത്വവും അവകാശപ്പെട്ടുകൊണ്ടുള്ള തങ്ങളുടെ അന്താരാഷ്ട്ര ഇടപെടലുകളും ആഭ്യന്തര രംഗത്ത് തുടരുന്ന വിവേചനങ്ങളുമൊക്കെ ഒരു വിശുദ്ധ ദൗത്യത്തിന്റെ ഭാഗമാണെന്ന ശാഠ്യമാണവര്‍ക്ക്. ഈ ശാഠ്യവും മേധാവിത്വ ബോധവുമാണ് ബുഷിനെയും ട്രംപിനെയും സാര്‍വദേശീയ പാതകങ്ങളിലേക്കും കടന്നാക്രമണങ്ങളിലേക്കും എടുത്തു ചാടിച്ചത്.

അപരിഷ്‌കൃതരും പ്രാകൃതരുമായ ജനതകളെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാനോ അടക്കി ഭരിക്കാനോ ദൈവം നിയോഗിച്ചവരാണ് തങ്ങളെന്ന പ്രചാരണം നടത്തിക്കൊണ്ടാണവര്‍ ദുര്‍ബല രാഷ്ട്രങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും നേരെ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂര തീര്‍ഥാടനങ്ങളെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നത്. ഭീകരതയും കടന്നാക്രമണങ്ങളും അമേരിക്കന്‍ ഭരണ വര്‍ഗങ്ങള്‍ക്ക് വല്ലപ്പോഴും സംഭവിക്കുന്ന അപവാദങ്ങളല്ലായെന്നാണ് ചോംസ്‌കിയുടെ ശ്രദ്ധേയമായൊരു നിരീക്ഷണം. മതവും രാഷ്ട്രീയവും വംശീയതയും കൂടിക്കലര്‍ന്ന ഒരു അതിദേശീയതാ ബോധവും ലോക മേധാവിത്വ ബോധവുമാണ് അമേരിക്കയെ നയിക്കുന്നത്.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരും സ്വീകാര്യമല്ലാത്തവരുമായ ജനവിഭാഗങ്ങള്‍ക്കും ചിന്താഗതികള്‍ക്കും എതിരെ രൂക്ഷമായ വിദ്വേഷവും കടന്നാക്രമണ വാസനയും പടര്‍ത്തുക എന്നതാണ് ഫാസിസ്റ്റ് രാഷ്ട്രീയം എവിടെയും ചെയ്യുന്നത്. അത്തരത്തിലുള്ള സവിശേഷമായ ഒരു തരം വംശീയ ബോധവും അസഹിഷ്ണുതയും തന്നെയാണ് അമേരിക്കന്‍ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന ട്രംപിനെയും നയിക്കുന്നത്.