International
കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് വെള്ളക്കാരേക്കാൾ രണ്ടര ഇരട്ടി കറുത്ത വർഗക്കാർ

വാഷിംഗ്ടൺ | ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ യു എസിലെ പോലീസ് കസ്റ്റഡി മരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും അവിടുത്തെ നിയമപാലനം കറുത്ത വർഗക്കാർക്ക് എത്രമാത്രം എതിരെയാണെന്ന്. 2013- 2019 കാലഘട്ടത്തിൽ അമേരിക്കയിലെ പോലീസ് കസ്റ്റഡിമരണങ്ങളുടെ എണ്ണം 7,666 ആണെന്ന് ഗവേഷക- അഭിഭാഷക സംഘടനയായ മാപ്പിംഗ് പോലീസ് വയലൻസ് തയ്യാറാക്കിയ ഡാറ്റയിൽ പറയുന്നു. ഇത്രയും കസ്റ്റഡി മരണങ്ങൾക്ക് ഇരയായവരിൽ 13 ശതമാനം മാത്രമാണ് വെളുത്ത വർഗക്കാർ. അതായത് ഈ കാലയളവിൽ വെളുത്ത വർഗക്കാരെക്കാൾ രണ്ടര ഇരട്ടി കറുത്ത വർഗക്കാർ യു എസിൽ പോലീസ് കസ്റ്റഡിയിൽ മരിച്ചിരിക്കുന്നു.
യു എസിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളായ കാലിഫോർണിയ, ടെക്സാസ്, ഫ്ലോറിഡ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കറുത്ത വർഗക്കാർ പോലീസ് ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ടത്. കാലിഫോർണിയയിൽ ജനസംഖ്യയുടെ 6.1 ശതമാനം മാത്രമാണ് കറുത്ത വർഗക്കാർ ഉള്ളത്. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഇവിടെ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് 186 കറുത്ത വർഗക്കാരാണ്. മൊത്തം കസ്റ്റഡി മരണങ്ങളിൽ 16 ശതമാനം വരുമിത്. എന്നാൽ, ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ വെള്ളക്കാരെക്കാൾ 2.54 ഇരട്ടി കറുത്ത വർഗക്കാരാണ് ഈ സംസ്ഥാനത്ത് കസ്റ്റഡിയിൽ മരിച്ചത്.
ഇതേ കാലയളവിൽ ടെക്സാസിൽ 157 (1.84 ഇരട്ടി) , ഫ്ലാറിഡയിൽ 169 (1.96 ഇരട്ടി) കറുത്ത വർഗക്കാരെ പോലീസ് കൊന്നു. ജോർജിയയിൽ 98, ഇലിനോയിസിൽ 96, ലൂസിയാനയിലും മെറിലാൻഡിലും ഒഹിയോയിലും 80 വീതം, നോർത്ത് കരോലിനയിൽ 77, മിസൗരിയിൽ 76, ന്യൂയോർക്കിൽ 71 എന്നിങ്ങനെയാണ് മറ്റ് ചില സംസ്ഥാനങ്ങളിലെ പോലീസ് കസ്റ്റഡി മരണങ്ങളിലെ കറുത്ത വർഗക്കാരുടെ കണക്ക്.
യൂട്ട സംസ്ഥാനത്ത് ജനസംഖ്യയുടെ വെറും 1.06 ശതമാനം മാത്രമാണ് ആഫ്രിക്കൻ അമേരിക്കക്കാർ ഉള്ളത്. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ പത്ത് ശതമാനം പോലീസ് കൊലപാതകങ്ങളാണ് അവർ നേരിട്ടത്. ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ ഇത് വെളുത്ത വർഗക്കാരെക്കാൾ 9.21 മടങ്ങ് അധികം വരും. മിനസോട്ടയിൽ വെളുത്ത വർഗക്കാരെക്കാൾ നാലിരട്ടി അധികം കറുത്ത വർഗക്കാർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു.