Connect with us

Covid19

'കൊറോണ കര്‍മയോദ്ധ' അവാര്‍ഡ് സി എ എ വിരുദ്ധ പോരാളിക്ക്; ഉത്തര്‍ പ്രദേശ് ബി ജെ പിയില്‍ വിവാദം

Published

|

Last Updated

ലക്‌നോ | പൗരത്വ ഭേദഗതി നിയമ(സി എ എ)ത്തിനെതിരായ പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വനിതക്ക് കൊവിഡ് കാലത്തെ മികച്ച പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള കൊറോണ കര്‍മയോദ്ധ പുരസ്‌കാരം നല്‍കിയത് ഉത്തര്‍ പ്രദേശ് ബി ജെ പിയില്‍ വിവാദമാകുന്നു. ലക്‌നോ നഗര്‍ നിഗം ആണ് സയീദ് ഉസ്മ പര്‍വീണിന് പുരസ്‌കാരം നല്‍കിയത്. നേരത്തേ ലക്‌നോയില്‍ നടന്ന സി എ എ പ്രതിഷേധങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു ഇവര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച ഒരാള്‍ക്ക് എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പുരസ്‌കാരം നല്‍കിയതെന്ന് ചോദിക്കുന്നു ബി ജെ പി കൗണ്‍സിലര്‍മാര്‍. അതേസമയം, ജനസേവനത്തിലുള്ള തന്റെ അര്‍പ്പണത്തെ തുടര്‍ന്നും ചോദ്യം ചെയ്യുകയാണെങ്കില്‍ പുരസ്‌കാരം തിരികെ നല്‍കുമെന്ന് പര്‍വീണ്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് നഗരത്തിലുടനീളം അണുനശീകരണം നടത്തുന്ന പര്‍വീണിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

പുരസ്‌കാരം നല്‍കിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലക്‌നോയിലെ മൈഥ്‌ലിശരണ്‍ വാര്‍ഡില്‍ നിന്നുള്ള കോര്‍പറേറ്ററും ബി ജെ പി നേതാവുമായ ദിലീപ് ശ്രീവാസ്തവ മുഖ്യമന്ത്രി യോഗിക്ക് കത്തെഴുതി.

Latest