Connect with us

National

കിഴക്കന്‍ ഡല്‍ഹിയില്‍ ബി ജെ പി പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു

Published

|

Last Updated

മണ്ഡാവാലി | കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡാവാലിയില്‍ ഒരാളെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. രാഹുല്‍ നാഗര്‍ എന്ന ബുരുവാണ് കൊല്ലപ്പെട്ടത്. ബി ജെ പി പ്രവര്‍ത്തകനാണ് ഇയാളെന്ന് പ്രാദേശിക പാര്‍ട്ടി നേതാവ് അവകാശപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. നാഗറിന്റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോലീസ് വെളിപ്പെടുത്തി. രാവിലെ നടക്കാനിറങ്ങിയ നാഗറിനു നേരെ വീടിനു സമീപത്തു വച്ച് അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അയല്‍വാസികളും കുടുംബാംഗങ്ങളും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. നാഗറിനെ ഉടന്‍തന്നെ മാക്‌സ് പത്പര്‍ഗഞ്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് കിഴക്കന്‍ ഡല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജസ്മീത് സിംഗ് പറഞ്ഞു.

നാഗറിനെതിരെ കൊലപാതകമുള്‍പ്പെടെ നിരവധി കേസുകള്‍ മണ്ഡാവാലി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാഗറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു മുമ്പും നാഗറിനെതിരെ കൊലപാതക ശ്രമം നടന്നിരുന്നു. 2017ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിനോദ് നഗര്‍ വാര്‍ഡില്‍ നിന്ന് മത്സരിച്ച നാഗര്‍ പരാജയപ്പെട്ടുവെന്നും പിന്നീട് ബി ജെ പിയില്‍ ചേരുകയായിരുന്നുവെന്നും ബി ജെ പി നേതാവ് പറഞ്ഞു.

---- facebook comment plugin here -----

Latest