National
പൊതു സുരക്ഷാ നിയമത്തില്‍ നിന്ന് ഷാ ഫൈസലിനെ ഒഴിവാക്കി, മോചനം ഉടനെ; മെഹ്ബൂബ മുഫ്തിയുടെത് തുടരും

ശ്രീനഗര്‍ | മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനും ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് (ജെ കെ പി എം) നേതാവുമായ ഷാ ഫൈസലിനെതിരായ പൊതു സുരക്ഷാ നിയമം ഭരണകൂടം ഒഴിവാക്കി. പി ഡി പി നേതാക്കളായ സര്‍താജ് മദനി, പീര്‍ മന്‍സൂര്‍ എന്നിവര്‍ക്കെതിരെയുള്ള പി എസ് എയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പി ഡി പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിക്കെതിരെയുള്ള പി എസ് എ തുടരും.
കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് ഷാ ഫൈസലിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ആറ് മാസത്തെ കരുതല്‍ തടങ്കല്‍ ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് കരിനിയമമായ പി എസ് എ ചുമത്തി. പി എസ് എ അനുസരിച്ച് രണ്ട് വര്‍ഷം വരെ തടങ്കലിലിടാം. ഒടുവില്‍ കഴിഞ്ഞ മാസം 14നാണ് ഫൈസലിന്റെ തടങ്കല്‍ നീട്ടിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെ മൃദു വിഘടനവാദത്തെ പിന്തുണച്ചുവെന്നാണ് ഫൈസലിനെതിരായ കുറ്റപത്രത്തില്‍ കശ്മീര്‍ ഭരണകൂടം ആരോപിച്ചത്. മെഹ്ബൂബ മുഫ്തിയുടെ അമ്മാവനാണ് മദനി. നേരത്തേ പി എസ് എ ചുമത്തപ്പെട്ട നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല എന്നിവരെ നിയമത്തില്‍ നിന്നൊഴിവാക്കി മാര്‍ച്ചില്‍ മോചിപ്പിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിന് ശേഷമാണ് ഇവരെല്ലാം അറസ്റ്റിലായത്. നിലവില്‍ പാര്‍ലിമെന്റംഗം കൂടിയായ ഫാറൂഖ് അബ്ദുല്ലക്കെതിരെയാണ് ആദ്യമായി പി എസ് എ ചുമത്തിയിരുന്നത്.
മെഹ്ബൂബ മുഫ്തിക്ക് പുറമെ സാഗര്‍, ഹിലാല്‍ ലോണി, നയീം അക്തര്‍ എന്നിവരാണ് തടങ്കലില്‍ കഴിയുന്ന കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍.