Connect with us

National

ദേശീയ കായിക പുരസ്‌കാരങ്ങളുടെ അപേക്ഷാ തീയതി നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ കായിക പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ദീര്‍ഘിപ്പിച്ച് കായിക മന്ത്രാലയം. ജൂണ്‍ 22 വരെയാണ് നീട്ടിയത്. അത്‌ലറ്റിക് താരങ്ങള്‍ക്ക് സ്വന്തം നിലക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ശിപാര്‍ശകള്‍ക്ക് പ്രയാസമുണ്ടാകുന്നതിനാലാണിത്.

ശിപാര്‍ശാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന അവസാന ദിവസം ഇന്നായിരുന്നു. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും വ്യക്തികളില്‍ നിന്നും ശിപാര്‍ശ ലഭിക്കാന്‍ അത്‌ലറ്റിക് താരങ്ങള്‍ക്ക് പ്രയാസം നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചത്. നേരത്തേ ദേശീയ കായിക സംഘടനകളോ മുന്‍കാലത്ത് ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ ലഭിച്ചവരോ ആണ് ശിപാര്‍ശ ചെയ്യേണ്ടിയിരുന്നത്.

ഇത്തവണ ഇ മെയില്‍ അപേക്ഷകള്‍ മാത്രമാണ് കായിക മന്ത്രാലയം സ്വീകരിക്കുന്നത്. എല്ലാ വര്‍ഷവും ആഗസ്റ്റ് 29നാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് നല്‍കുന്നത്. ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ ജന്മദിനം പ്രമാണിച്ചാണിത്. അന്നുതന്നെയാണ് ദേശീയ കായിക ദിനവും.

Latest