National
അവശ്യസാധന നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി | അവശ്യ സാധന നിയമത്തില്‍ വരുത്തിയ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കര്‍ഷകര്‍ക്ക് ഈ നടപടി ഏറെ സഹായകമാകുമെന്നും ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാന്‍ ഇതുവഴി സാധിക്കുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
കാര്‍ഷിക ഉത്പന്ന മാര്‍ക്കറ്റ് കമ്മിറ്റിയുടെ വിപണികള്‍ക്ക് പുറത്തുള്ള ഒരു വില്‍പ്പനയ്ക്കും കര്‍ഷകര്‍ക്ക് നികുതി ഏര്‍പ്പെടുത്തേണ്ടതില്ലെന്നും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കൃഷിക്കാര്‍ക്ക് ഉത്പാദന ചെലവിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന മിനിമം താങ്ങുവില അനുവദിക്കുന്ന സ്വാമിനാഥന്‍ റിപ്പോര്‍ട്ടും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.
ഒരു രാജ്യം ഒരു വിപണി എന്ന നയത്തിന്റെ ഭാഗമായാണ് അവശ്യ സാധന നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ രാജ്യത്ത് എവിടെയും വിറ്റഴിക്കാന്‍ സാധിക്കും. കേന്ദ്ര മന്ത്രിസഭ എടുത്ത തീരുമാനങ്ങള്‍ ചരിത്രപരമാണെന്നും കര്‍ഷകര്‍ക്ക് അവര്‍ ആഗ്രഹിച്ച സ്വാതന്ത്ര്യമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അവകാശപ്പെട്ടു.