Kerala
കൊല്ലത്ത് ക്രിമിനലുകൾ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു

കൊല്ലം | കൊല്ലത്ത് ഏറ്റുമുട്ടിയ ക്രിമിനലുകളിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലം രണ്ടാംകുറ്റി സ്വദേശി ഉദയകിരണാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഗുണ്ടാ ആക്ടിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ മൊട്ട വിഷ്ണുവിനാണ് ഗുരുതരമായി പരിക്കേറ്റത്. മനുഷ്യ വിസർജ്ജ്യം അനധികൃതമായി തള്ളുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരും.
ഇന്നലെ രാത്രി കോതേത്ത് അമ്പലത്തിന്റെ സമീപത്തുവെച്ചാണ് ഉദയകിരണും മൊട്ടവിഷ്ണുവും ഏറ്റുമുട്ടിയത്. പരസ്പരം നടത്തിയ കത്തികുത്തിൽ നെഞ്ചിന് കുത്തേറ്റ ഉദയകിരൺ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ചാണ് മരിച്ചത്. ഗുരുതരമായി പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആസുപത്രിയിൽ പ്രവേശിപ്പിച്ച മൊട്ട വിഷ്ണു തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഉദയകിരണും മൊട്ട വിഷ്ണുവും ക്രിമിനൽ കേസ് പ്രതികളാണെന്നും മൊട്ട വിഷ്ണു കാപ്പാകേസിൽ ശിക്ഷ കഴിഞ്ഞ് രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയതെന്നും കൊല്ലം ഈസ്റ്റ് പോലീസ് പറഞ്ഞു. ഇരുവരും മനുഷ്യ വിസർജ്യം അനധികൃതമായി ജനവാസകേന്ദ്രങളിലും ജലാശയങ്ങളിലും തള്ളുന്ന സംഘത്തിൽപ്പെട്ടവരാണ്. ബാറിലും തിയറ്ററിലും വെച്ച് മുമ്പും ഇവർ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.