Connect with us

Covid19

കൊവിഡ് ബാധിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ജനക്കൂട്ടം തടസ്സപ്പെടുത്തി; പകുതി കത്തിയ മൃതദേഹവുമായി രക്ഷപ്പെട്ട് ബന്ധുക്കള്‍

Published

|

Last Updated

ജമ്മു | ജമ്മു കശ്മീരിലെ ജമ്മു മേഖലയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുന്നത് ജനക്കൂട്ടം തടസ്സപ്പെടുത്തി. ഇതിനെ തുടര്‍ന്ന് പാതിവെന്ത മൃതദേഹവുമായി ബന്ധുക്കള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ഭരണകൂടം ഇടപെട്ട് കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മറ്റൊരു സ്ഥലത്ത് മൃതദേഹം സംസ്‌കരിച്ചു.

ദോഡ ജില്ലയിലെ 72കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ജമ്മു മേഖലയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെയാളായിരുന്നു ഇത്. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ റവന്യൂ- മെഡിക്കല്‍ ജീവനക്കാരുണ്ടായിരുന്നു. ദൊമാന മേഖലയിലാണ് സംസ്‌കാരം നിശ്ചയിച്ചത്. തീകൊളുത്തിയതും വന്‍തോതില്‍ ഗ്രാമീണര്‍ എത്തുകയും തടസ്സപ്പെടുത്തുകയുമായിരുന്നുവെന്ന് മരിച്ചയാളുടെ മകന്‍ പറഞ്ഞു. മരിച്ചയാളുടെ ഭാര്യയും മക്കളും മാത്രമാണ് ബന്ധുക്കളായി സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

തുടര്‍ന്ന്, ഇവര്‍ പകുതി കത്തിയ മൃതദേഹവുമായി ആംബുലന്‍സില്‍ രക്ഷപ്പെട്ടു. ജനക്കൂട്ടം തടസ്സപ്പെടുത്തുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ രക്ഷക്കെത്തിയില്ല. ആംബുലന്‍സ് ഡ്രൈവറും ആശുപത്രി ജീവനക്കാരുമാണ് സഹായിച്ചത്. ജി എം സി ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. പിന്നീട് ഏറെ വൈകാതെ ജമ്മു നഗരത്തിന് അടുത്തുള്ള ഭഗവതി നഗറില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഇവിടെയും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.