Connect with us

Kerala

പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച സംഭവം; സര്‍ക്കാര്‍ അഭിഭാഷകന് നോട്ടീസ്

Published

|

Last Updated

കൊച്ചി | പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ സംഭവത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന് കാരണം കാണിക്കല്‍ നോട്ടീസ്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ, കവര്‍ന്ന കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി സഫര്‍ ഷാക്കാണ് കഴിഞ്ഞ മാസം 30ന് ജാമ്യം ലഭിച്ചത്. കേസില്‍ കുറ്റപത്രം നല്‍കിയില്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷനും പിന്തുണക്കുകയായിരുന്നു. ഇതോടെയാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

പ്രതിക്ക് ജാമ്യം കിട്ടയതോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിഭാഗവുമായി ഒത്തു കളിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അഭിഭാഷകനായ സികെ പ്രസാദിന് അഡ്വക്കേറ്റ് ജനറല്‍ നോട്ടീസ് അയച്ചത്. ജൂണ്‍ എട്ടാം തീയതിക്കകം വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മരടില്‍ താമസിക്കുന്ന ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജനുവരി എട്ടിനാണ് പനങ്ങാട് സ്വദേശി സഫര്‍ ഷാ അറസ്റ്റിലായത്. കേസ് അന്വേഷിച്ച എറണാകുളം സെന്‍ട്രല്‍ സി ഐ ഏപ്രില്‍ ഒന്നിന് വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നതാണ്. കോടതി അത് സ്വീകരിക്കുകയും ചെയ്തു. കേസെടുത്ത് 83 ാമത്തെ ദിവസമാണ് കുറ്റപത്രം നല്‍കിയത് എന്നതിനാല്‍ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. എന്നാല്‍, 90 ദിവസമായിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഹൈക്കോടതിയില്‍ ജാമ്യഹരജി സമര്‍പ്പിച്ച സഫര്‍ ഷായുടെ അഭിഭാഷകന്‍ കോടതിയെ അറയിക്കുകയായിരുന്നു. ഇത് സര്‍ക്കാര്‍ അഭിഭാഷകന്‍ അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് സെക്ഷന്‍ 167 പ്രകാരം ഹൈക്കോടതി സഫര്‍ ഷാക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.