Connect with us

National

മൂന്ന് മാസമായിട്ടും തിരിച്ചുപോകാന്‍ ഭയപ്പെട്ട് ഡല്‍ഹി വംശഹത്യക്കിടെ പലായനം ചെയ്തവര്‍

Published

|

Last Updated

മുസ്തഫാബാദ് | വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരി അവസാനം അരങ്ങേറിയ വംശഹത്യക്കിടെ വീടുവിട്ടോടിയവര്‍ മൂന്ന് മാസം കഴിഞ്ഞിട്ടും തിരികെവരാന്‍ ഭയപ്പെടുന്നു. ഇവരില്‍ പലരും ഉത്തര്‍ പ്രദേശിലെ ലോണിയില്‍ മുസ്തഫാബാദിലാണ് കഴിയുന്നത്. ബന്ധുക്കളുടെയും മറ്റും സമീപത്തേക്കായിരുന്നു ഇവര്‍ അഭയം തേടിയെത്തിയത്.

ഫെബ്രുവരി 25ന് രാത്രിയാണ് ഭാര്യയെയും മൂന്ന് ചെറിയ കുട്ടികളെയും കൊണ്ട് ഇര്‍ശാദ് അലി രക്ഷപ്പെട്ടോടിയത്. ഡല്‍ഹി- യു പി അതിര്‍ത്തിയില്‍ ലോണിയിലെ മാലിന്യക്കൂമ്പാരത്തിന് സമീപം ഒരു ടാര്‍പോളിന്‍ ഷീറ്റിന് ചുവട്ടിലാണ് ഇര്‍ശാദും കുടുംബവും നേരം വെളുപ്പിച്ചത്. തുടര്‍ന്ന് മുസ്തഫാബാദില്‍ സഹോദരന്റെ ഒഴിഞ്ഞ ഭൂമിയില്‍ ചെറിയൊരു കൂര തയ്യാറാക്കി. പ്രാഥമികകാര്യങ്ങള്‍ക്ക് അയല്‍വാസികളെ അവലംബിക്കേണ്ടി വന്നു.

കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും രൂക്ഷമായിരുന്ന ശിവവിഹാറിലെ പ്രേംവിഹാറിലാണ് ഇര്‍ശാദിന്റെ രണ്ടുമുറി വീടുണ്ടായിരുന്നത്. 15 വര്‍ഷമായി അവിടെ താമസിക്കുന്നു. അവിടേക്ക് ഇനിയൊരിക്കലും പോകില്ലെന്ന് പറയുന്നു ഇര്‍ശാദിന്റെ ഭാര്യ ശെയ്ദ. വീടുപേക്ഷിച്ച് പോരുമ്പോള്‍ അവിടെ ഇരുപതിനായിരം രൂപയും ആഭരണങ്ങളുമുണ്ടായിരുന്നു. കൊള്ളയടിക്കുമെന്ന് ഭയന്ന് അതുപേക്ഷിച്ച് പോരുകയായിരുന്നു.

രണ്ട് മാസത്തിന് ശേഷം പണവും ആഭരണങ്ങളും മറ്റും എടുക്കാന്‍ ചെന്നപ്പോള്‍, വീട് വില്‍ക്കുന്നുണ്ടോയെന്നായിരുന്നു അയല്‍വാസിക്ക് അറിയാനുണ്ടായിരുന്നെന്ന് പറയുന്നു ഇര്‍ശാദ്. അത് മാത്രമാണ് അയല്‍വാസി ആകെ ചോദിച്ചത്. വര്‍ഷങ്ങളായി ഒന്നിച്ചുകഴിഞ്ഞവര്‍ എത്ര പെട്ടെന്നാണ് അന്യരായി മാറിയത് എന്ന ഞെട്ടലിലാണ് ഇര്‍ശാദ്.

ഇങ്ങനെ നിരവധി കുടുംബങ്ങളാണ് ഡല്‍ഹി- യു പി അതിര്‍ത്തിയിലെ ഈ പ്രദേശത്ത് കഴിയുന്നത്.

---- facebook comment plugin here -----

Latest