Kerala
ആത്മഹത്യ തന്നെ; മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ദേവികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം | വളാഞ്ചേരി ഇരിമ്പിളിയം പഞ്ചായത്തില്‍ മരണപ്പെട്ട പത്താം ക്ലാസുകാരി ദേവികയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മല്‍പ്പിടിത്തത്തിന്റെയോ മറ്റോ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഇല്ല. ദേവികയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള ചടങ്ങുകള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ദേവികയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തു വന്നിരുന്നു. വീടിന് സമീപത്ത് തീപ്പൊള്ളലേറ്റ് മരിച്ചുകിടന്നിരുന്ന കുട്ടിയുടെ കരച്ചില്‍ ആരും കേട്ടില്ല എന്നത് വിശ്വസിക്കാനാകുന്നില്ല എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പൊള്ളലേറ്റ് മരിച്ച് കിടന്ന സ്ഥലത്തെ പുല്‍നാമ്പുകളില്‍ തീ പടര്‍ന്നിരുന്നില്ല എന്നതും ദുരൂഹതയുളവാക്കുന്നതാണ്. ഓണ്‍ലൈന്‍ ക്ലാസ് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിദ്യാര്‍ഥിയുമല്ല ദേവിക. കുട്ടി പഠിക്കുന്ന ഇരിമ്പിളിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ കുട്ടി അംഗമാണ്. ഇത്തരം സൗകര്യം ഉണ്ടായിരുന്ന കുട്ടി സ്‌കൂള്‍ തുടങ്ങി ആദ്യ ദിവസത്തെ ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമായില്ല എന്ന കാരണത്താല്‍ ആത്മഹത്യ ചെയ്യുമെന്നത് അവിശ്വസനീയമാണെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.