National
'നിസര്‍ഗ' ചുഴലിക്കാറ്റ് തീവ്രഗതി പ്രാപിച്ചേക്കും; മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത ജാഗ്രത

മുംബൈ | അറബിക്കടലിലുണ്ടായ ന്യൂനമര്‍ദം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. “നിസര്‍ഗ” എന്ന് നാമകരണം ചെയ്തിട്ടുള്ള കാറ്റ് ബുധനാഴ്ച വൈകിട്ടോടെ, മഹാരാഷ്ട്രയുടെ വടക്കന്‍ മേഖലയില്‍ വീശിയടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി മുംബൈയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുംബൈ, താനെ, പാല്‍ഘര്‍ ജില്ലകളില്‍ ബുധനാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മുംബൈ, താനെ നഗരങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പാല്‍ഘറിലെ തീരപ്രദേശങ്ങളില്‍ നിന്ന്മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ചിട്ടുണ്ട്.
നിലവില്‍ മുംബൈക്ക് 490 കിലോമീറ്ററിനും സൂറത്തിന് 710 കിലോമീറ്ററിനും ഇടയില്‍ വടക്ക് കിഴക്ക് ദിശയിലാണ് കാറ്റിന്റെ ഗതി. മുംബൈയില്‍ നിന്ന് 500 മീറ്റര്‍ അകലെ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദമാണ് തീവ്ര ചുഴലിക്കാറ്റായി പരിണമിക്കുക. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്രഭരണ പ്രദേശമായ ദാമനും ഇടയിലായി കരയിലേക്ക് വീശിക്കൊണ്ടിരിക്കുകയാണ് കാറ്റ്. ഇതേ തുടര്‍ന്ന് സമീപത്തായുള്ള ഗുജറാത്തിലെ വിവിധ ജില്ലകളും ജാഗ്രതയിലാണ്. ഒമ്പത് യൂനിറ്റ് ദുരന്തനിവാരണ സേനയെ മഹാരാഷ്ട്രയിലെ തീരമേഖലകളിലും 12 യൂനിറ്റ് സേനയെ ഗുജറാത്തിലെ തീരപ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. കരയില്‍ മണിക്കൂറില്‍ 115 കിലോ മീറ്റര്‍ വേഗതയിലാകും ചുഴലിക്കാറ്റ് വീശുകയെന്നാണ് വിലയിരുത്തല്‍.