Connect with us

Articles

ആറ് വര്‍ഷം; അസ്ഥിരപ്പെട്ട ഇന്ത്യ

Published

|

Last Updated

മോദി ഭരണത്തിന്റെ ആറാം വാര്‍ഷിക ആഘോഷത്തില്‍ അമിത് ഷാ ദി ഇന്ത്യന്‍ എക്‌സ്പ്രസിന് വേണ്ടി എഴുതിയ ലേഖനത്തിന്റെ തലവാചകം ഇങ്ങനെയാണ്; അറുപത് വര്‍ഷം കൊണ്ടുണ്ടാക്കിയതെല്ലാം ആറ് വര്‍ഷം കൊണ്ട് ഇല്ലാതാക്കുന്നു. ഉള്ളടക്കവും ഉപതലവാചകവും ഒഴിച്ചുനിര്‍ത്തി നോക്കിയാല്‍ മോദി ഭരണത്തിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടാണ് ഇത്. സ്വാതന്ത്ര്യാനന്തര ഭാരതം ഘട്ടം ഘട്ടമായി നേടിയെടുത്ത അഭിമാനകരമായ നേട്ടങ്ങളെയും ആസ്തികളെയും അത്രമേല്‍ ലാഘവത്തോടെ വിറ്റുതുലക്കുകയോ സ്വകാര്യവത്കരിക്കുകയോ നശിപ്പിക്കുകയോ ചെയ്തിരിക്കുകയാണ് കഴിഞ്ഞ ആറ് വര്‍ഷങ്ങളില്‍.

വിശ്വാസ വഞ്ചനയുടെ, വാഗ്ദത്ത ലംഘനങ്ങളുടെ ഭരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് നിസ്സംശയം പറയാം. തെല്ലും ആസൂത്രണമില്ലാതെ നടപ്പാക്കിയ കൊവിഡ് ലോക്ക്ഡൗണിന്റെ ക്രൂരതയില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി റോഡരികുകളില്‍ മരിച്ചുവീണ നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ചേതനയറ്റ ശരീരത്തിനു മുകളില്‍ നിന്നുകൊണ്ട് ബി ജെ പിക്ക് ഇതാഘോഷിക്കാം. ഗുജറാത്തില്‍ നിന്ന് ബിഹാറിലേക്ക് യാത്രചെയ്ത് ഒടുവില്‍ ബിഹാറിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുവീണ അമ്മയെ ഉണര്‍ത്താന്‍ നോക്കുന്ന ഒന്നര വയസ്സുള്ള ആ കുഞ്ഞിന്റെ കരച്ചിലിന് മുകളില്‍ നുണകള്‍ കൊണ്ട് ഒരു ഘോഷയാത്രയുമാകാം.
കൊവിഡ് 19 മാനേജ്മെന്റിന്റെ കാര്യത്തില്‍ ലോകത്തേറ്റവും മോശം നിലയിലാണ് ഇന്ത്യയുള്ളത്.

കൈവിട്ടുപോയ “ഗുജറാത്ത് മോഡല്‍” മറച്ചുപിടിക്കാനും ലക്ഷണമൊത്ത പിന്മുറക്കാരന് വഴിയൊരുക്കാനും ഉത്തര്‍ പ്രദേശില്‍ കൊവിഡ് കണക്കുകള്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആരോപണങ്ങളെ അവഗണിച്ചാല്‍ പോലും ഇന്ത്യ കൂടുതല്‍ ദയനീയതയിലേക്ക് ഉണര്‍ന്നെണീക്കുന്ന ചാവുനിലമായി തീരുകയാണ്. ഫെബ്രുവരി ആദ്യം മുതല്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊറോണ വൈറസിനെ പറ്റി മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടായിരുന്നു. അതൊക്കെ അവഗണിച്ച്, ട്രംപിന് വിരുന്നൊരുക്കാന്‍ നടന്നു കേന്ദ്ര സര്‍ക്കാര്‍. അതേ ട്രംപിന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടിടിച്ച് മരുന്ന് കയറ്റി അയച്ചു ട്രംപിന്റെ സ്വന്തം മോദിജി. കേരളത്തില്‍ നിന്നുള്ള ടി എന്‍ പ്രതാപന്‍ എം പിയും രാജ്യസഭയിലെ തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രോമും അടക്കമുള്ള പാര്‍ലിമെന്റ് അംഗങ്ങള്‍ കൊറോണ വൈറസിന്റെ വ്യാപന സാധ്യതകളെ പറ്റിയും വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചും മുന്നറിയിപ്പു നല്‍കിയിട്ടും വീണ്ടും ഒരു മാസമെങ്കിലും കഴിഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കമുള്ള കാര്യങ്ങളിലേക്ക് തിരിഞ്ഞത്. അതില്‍ തന്നെ 20 ലക്ഷം കോടിയുടെ ക്ഷേമ പാക്കേജ് ക്രൂരമായ തമാശയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ വിമര്‍ശിക്കുന്നത് ഇനിയും പരിഹാരം കാണാന്‍ സാധിക്കാത്ത നിലവിലത്തെ സാമ്പത്തിക മേഖല കറവ വറ്റിയ ചാവാലിപ്പശുവാണെന്ന യാഥാര്‍ഥ്യം ചൂണ്ടിയാണ്.

ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ച പാതാളം നോക്കി വീണുകൊണ്ടിരിക്കുന്നതാണ് നിലവിലത്തെ സ്ഥിതി. നോട്ടുനിരോധനവും അശാസ്ത്രീയമായ ജി എസ് ടിയും സമാനമായ അനവധി സാമ്പത്തിക പരിഷ്‌കാരങ്ങളും ഏല്‍പ്പിച്ച ആഘാതം ഇപ്പോള്‍ ഈ ദുരന്തമുഖത്ത് ഇടിത്തീ പോലെ വന്നു വീഴുകയാണ്. സാമ്പത്തിക മേഖല ഭദ്രമാണെന്ന് ആവര്‍ത്തിച്ചും കണക്കുകള്‍ പൂഴ്ത്തിയും തെറ്റായ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഏറെക്കാലം മുന്നോട്ടുപോകാന്‍ ആകില്ലെന്ന് രണ്ടാമൂഴത്തിന്റെ തുടക്കത്തിലേ മോദിക്കും നിര്‍മലക്കും മനസ്സിലായി. ഓട്ടോമൊബൈല്‍ വ്യവസായമാണ് സര്‍ക്കാറിന്റെ ഈ ഒളിച്ചുകളികള്‍ക്ക് അവസാനം കുറിച്ചത്. യഥാര്‍ഥ സംഖ്യാ സൂചകങ്ങളൊന്നും ഇപ്പോഴും നാം കാണുന്നില്ലെന്ന് വിശ്വസിച്ചേ മതിയാകൂ. അപ്പോള്‍ നാശം നമ്മുടെ ഭാവനകള്‍ക്കും അതീതമാണെന്ന് സാരം.

രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തില്‍ ഇന്നോളമില്ലാത്ത തൊഴിലില്ലായ്മയാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. വര്‍ഷാവര്‍ഷം കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത മോദി വര്‍ഷം രണ്ട്‌കോടി മുതല്‍ അഞ്ച് കോടി എന്ന നിലക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുകയോ തൊഴിലിടങ്ങള്‍ തന്നെ നശിപ്പിക്കുകയോ ചെയ്തു. നോട്ടുനിരോധന കാലത്ത് മാത്രം ഒരു ലക്ഷം ചെറുകിട സംരംഭങ്ങള്‍ പൂട്ടിപ്പോയിട്ടുണ്ട്. അവിടന്നിങ്ങോട്ട് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ തകര്‍ക്കപ്പെട്ട ചെറുതും വലുതുമായ സംരംഭങ്ങളുടെ കണക്കുകള്‍ ഭീമമായിരിക്കും. എഫ് ഡി ഐ ആസൂത്രണങ്ങള്‍ പാളിയതും മേക് ഇന്‍ ഇന്ത്യ തുരുമ്പെടുത്തുപോകുന്നതും “തനിക്കാക്കി വെടക്കാക്കി” എന്ന പ്രയോഗത്തെ അക്ഷരംപ്രതി സാധൂകരിക്കുന്നതാണ്. യു പി എ സര്‍ക്കാര്‍ കൊണ്ടുവന്നതോ നടപ്പാക്കിയതോ ആയ പദ്ധതികള്‍ പേരുമാറ്റിയോ ഉപരിഘടന മാറ്റിയോ അശാസ്ത്രീയമായി പുനരവതരിപ്പിച്ചോ ആണ് മോദി സര്‍ക്കാര്‍ ആദ്യ അഞ്ച് വര്‍ഷം തികച്ചത്. അന്നത്തെ ക്രമക്കേടുകള്‍ മുഴുവന്‍ ഇപ്പോള്‍ നമുക്ക് നേരെ പല്ലിളിക്കുന്നുണ്ട്. രാജ്യത്തിന്റെ ബേങ്കിംഗ് മേഖല വേരോടെ അസ്ഥിരപ്പെടുകയാണെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുമ്പോള്‍ സമീപ ഭാവിയിലൊന്നും നമ്മുടെ സാമ്പത്തിക രംഗത്തിന് മോക്ഷം ഇല്ലെന്ന് വ്യക്തം.

ആഗോള വിപണിയില്‍ വില കുറയുമ്പോഴും കൊള്ള വിലക്ക് പെട്രോളും ഡീസലും വാങ്ങേണ്ട ഗതികേടിലായി നമ്മുടെ ജനം. ആദ്യമാദ്യം ന്യായം പറഞ്ഞിരുന്നത് കക്കൂസ് പണിയാന്‍ വേണ്ടിയാണ് അധികം വരുന്ന തുക വകവെക്കുന്നത് എന്നായിരുന്നു. എന്നാല്‍ സ്വച്ഛ്ഭാരതത്തിന്റെ ബാനറില്‍ പണികഴിപ്പിച്ച കക്കൂസുകളില്‍ 90 ശതമാനവും ജലലഭ്യതയില്ലാത്തതിനാല്‍ ഉപയോഗശൂന്യമായി കിടക്കുന്നു എന്നതാണ് സത്യമെന്ന് വൈകാതെ പുറത്തായി.
അധികാരത്തില്‍ വന്നാല്‍ 15 ലക്ഷം അക്കൗണ്ടിലേക്ക് ഇട്ടു തരുമെന്ന് പറഞ്ഞ മോദിജി കള്ളപ്പണക്കാര്‍ക്ക് വിടുതി നല്‍കി നാടുവിടാന്‍ കാവലൊരുക്കി. സ്വന്തം അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ വെയിലത്ത് ക്യൂവില്‍ നിന്ന് മരണപ്പെട്ടുപോയവര്‍ നൂറ്റിഇരുപതെങ്കിലും വരും. നോട്ടുനിരോധന കാലത്തെ സര്‍ക്കാറിന്റെ കൊലകളെ കുറിച്ചാണ് പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷക ആത്മഹത്യക്ക് നാം സാക്ഷിയായി. താങ്ങുവിലയുടെ കാര്യത്തിലും വിളകളുടെ ശേഖരണത്തിലും സൂക്ഷിപ്പിലും കര്‍ഷകവിരുദ്ധ നയങ്ങള്‍ കൊണ്ടുവന്ന് കുത്തക കച്ചവടക്കാര്‍ക്ക് നമ്മുടെ ഭൂമികളും കര്‍ഷകരുടെ ജീവിതങ്ങളും തീറെഴുതിക്കൊടുത്തു. മോദി സര്‍ക്കാറിന്റെ ഏറ്റവും പ്രധാന ക്ഷേമ പരിപാടിയായി അവതരിപ്പിച്ച പി എം കിസാന്‍ പരിപാടിയിലേക്ക് അര്‍ഹരായവര്‍ എന്നുകണ്ടെത്തി ചേര്‍ത്ത 14 കോടിയില്‍ ആകെ ഗുണം കിട്ടിയത് എട്ട് കോടിയില്‍ താഴെ ആളുകള്‍ക്ക് മാത്രം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള, പലപ്പോഴും പാവപ്പെട്ടവന്റെ ആശ്വാസവും ഏക ആശ്രയവുമായ ക്ഷേമ പരിപാടികള്‍ക്ക് ആവശ്യമായ തുക വകയിരുത്താതെ പാവപ്പെട്ടവന്റെ പട്ടിണിയിലും സര്‍ക്കാര്‍ കൈയിട്ടുവാരി. 2014ല്‍ അക്കൗണ്ട് ഉണ്ടാക്കി വെച്ച് മോദിയുടെ “നിധി” വരുന്നതും കാത്ത് ആറ് വര്‍ഷം ഇരുന്നവര്‍ക്ക് കൊവിഡ് കാലത്ത് 500 രൂപ കിട്ടി. 30 കോടിയിലധികം ജനങ്ങള്‍ക്ക് അത് ലഭിക്കുമത്രെ. ഇതാണ് കഴിഞ്ഞ ആറ്‌വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ കാര്യം. കല്യാണ്‍ യോജനയുടെ പേരില്‍ ആറ് വര്‍ഷം പഴക്കമുള്ള ജന്‍ ധന്‍ അക്കൗണ്ടുകളിലേക്ക് ഒരഞ്ഞൂറ് രൂപ. ഛത്തീസ്ഗഢ് സംസ്ഥാന സര്‍ക്കാര്‍ ന്യായ് പദ്ധതി നടപ്പാക്കിയതിന്റെ വെളിച്ചത്തില്‍ ആവശ്യക്കാരായ ജനങ്ങള്‍ക്ക് 10,000 രൂപ വരെയെങ്കിലുമുള്ള ധനസഹായം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും അങ്ങനെയൊരു ക്ഷേമ പരിപാടി നിര്‍മലാ സീതാരാമനോ മോദിക്കോ അറിയാനിടയില്ല. സാമ്പത്തിക സ്ഥിതി മാത്രമല്ല, ഇതേ തുടര്‍ന്ന് സാമൂഹിക സ്ഥിതിയും അപ്പാടെ ദ്രവിച്ചിരിക്കുകയാണ്. വര്‍ഗീയതയും വംശഹത്യാ പദ്ധതിയുമാണ് ശേഷിക്കുന്ന ഏക വഴി എന്നത് ഇനിയുള്ള കാലം എത്രമേല്‍ ഭീകരവും ഭീതിജനകവുമായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.
ഇങ്ങനെ എല്ലാ അര്‍ഥത്തിലും തകര്‍ന്നിരിക്കുന്ന നമുക്ക് ഏതെങ്കിലും ഒരയല്‍ രാജ്യവുമായി പറയത്തക്ക നല്ല ബന്ധമുണ്ടോ? ഈ ആശങ്ക ഒട്ടും കാല്പനികമല്ലെന്ന് ഇന്ത്യക്ക് ചുറ്റുമുള്ള കടല്‍ മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞ ചൈനയുടെ നീക്കങ്ങള്‍ പറയും. പാക്കിസ്ഥാനും ചൈനയും ബംഗ്ലാദേശും ശ്രീലങ്കയും എല്ലാം പിണക്കത്തിലാണ്. പാക്കിസ്ഥാന്റെത് ഏതായാലും പറയേണ്ട. അങ്ങനെയൊരു “ശത്രു” അവിടെ ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ബി ജെ പി എങ്ങനെ ജയിക്കാനാണ്? പൗരത്വ ഭേദഗതി നിയമം അവതരിപ്പിക്കുമ്പോള്‍ ആഭ്യന്തര മന്ത്രി പറഞ്ഞ കളവുകള്‍ ചൂണ്ടിയാണ് ബംഗ്ലാദേശ് ഒടുവില്‍ പിണങ്ങിയത്. പോരാത്തതിന് എന്‍ ആര്‍ സി നടപ്പാക്കാനുള്ള നീക്കത്തിലും ബംഗ്ലാദേശിന് അനിഷ്ടമുണ്ട്. തിപായമുഖ് ജലപ്രതിസന്ധി അടക്കമുള്ളവ വേറെയും. നേപ്പാളിലെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്. ഇന്‍ഡോ നേപ്പാള്‍ അതിര്‍ത്തിയിലും സ്വരച്ചേര്‍ച്ചകള്‍ ഉയര്‍ന്നുകഴിഞ്ഞു. ചൈന കടന്നുകയറിയതും വളച്ചു കെട്ടിയതും സൈനിക വിന്യാസം നടത്തിയതും ന്യൂഡല്‍ഹി അറിഞ്ഞിട്ടുപോലുമില്ല.