Editorial
മദ്യം വീണ്ടും വന്നു; കുറ്റകൃത്യങ്ങളും

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് നാല് കൊലപാതകങ്ങള്‍ നടന്നു. തിരുവനന്തപുരം ബാലരാമപുരത്ത് കട്ടച്ചിക്കുഴിയിലായിരുന്നു ഒന്ന്. അവിടെ വാടകക്ക് താമസിക്കുകയായിരുന്ന കരമന സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ശ്യാമിനെ സുഹൃത്ത് സതിയാണ് കൊന്നത്. മദ്യപിച്ചെത്തിയ ശേഷം ഇരുവരും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മലപ്പുറം തിരൂരിലായിരുന്നു മറ്റൊന്ന്. തിരൂര്‍ മുത്തൂര്‍ സ്വദേശി പുളിക്കല്‍ മുഹമ്മദ് ഹാജിയെ മകന്‍ അബൂബക്കറാണ് മദ്യലഹരിയില്‍ മര്‍ദിച്ചു കൊന്നത്. മലപ്പുറത്ത് തന്നെ താനൂരില്‍ നടന്ന മൂന്നാമത്തെ കൊലപാതകം സംഭവിച്ചതും മദ്യലഹരിയില്‍ തന്നെ. റെയില്‍വേ ലൈനിനോട് ചേര്‍ന്ന സ്ഥലത്തു വെച്ച് കൂട്ടുകാര്‍ മദ്യപിക്കുന്നതിനിടെയുണ്ടായ വാക് തര്‍ക്കം മൂത്ത് അരീക്കാട് സ്വദേശിയും തിരൂര്‍ കട്ടച്ചിറയില്‍ താമസക്കാരനുമായ ചട്ടിക്കല്‍ ശാഹുല്‍ ഹമീദിന്റെ മകന്‍ ശിഹാബിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. ചങ്ങനാശ്ശേരി തൃക്കാടിത്താനം അമര കന്യാക്കോണില്‍ കുഞ്ഞനമ്മ എന്ന 55കാരിയെ മകന്‍ നിതിന്‍ബാബു കൊലപ്പെടുത്തിയതാണ് നാലാമത് സംഭവം.
രണ്ട് മാസത്തെ ഇടവേളക്ക് ശേഷം വ്യാഴാഴ്ച മദ്യവിതരണം പുനരാരംഭിച്ചതിനു ശേഷം കുറ്റകൃത്യങ്ങളും റോഡപകടങ്ങളും വര്‍ധിച്ചു വരികയാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് കുത്തനെ താഴ്ന്നിരുന്നു. അടിപിടി, കൊലപാതകം, രാഷ്ട്രീയ സംഘര്‍ഷം, ഭവനഭേദനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കഴിഞ്ഞ രണ്ട് മാസക്കാലം നന്നേ കുറവാണെന്നാണ് പോലീസ് വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 4,52,787 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അഥവാ പ്രതിദിനം 900ലേറെ കേസുകള്‍. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് വളരെ വിരളമായ കേസുകളേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ. ലോക്ക്ഡൗണ്‍ നിലവില്‍വന്ന മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള സമയത്ത് കഴിഞ്ഞ വര്‍ഷത്തേതിന്റെ അഞ്ചിലൊന്നില്‍ താഴെ കുറ്റകൃത്യങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 1,908 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ ഈ വര്‍ഷം 378 കേസുകള്‍ മാത്രമാണുള്ളത്. മദ്യഷാപ്പുകള്‍ അടച്ചിട്ടത് കാരണം വര്‍ധിച്ച വ്യാജ വാറ്റ് കേസുകളും കൊവിഡ് വിലക്ക് ലംഘനവുമായി ബന്ധപ്പെട്ട കേസുകളുമല്ലാതെ പോലീസിന് തലവേദന സൃഷ്ടിക്കുന്ന മറ്റു കുറ്റകൃത്യങ്ങളെ സംബന്ധിച്ച പരാതികള്‍ അപൂര്‍വമായേ മിക്ക പോലീസ് സ്‌റ്റേഷനുകളിലും എത്തിയിരുന്നുള്ളൂ. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് സംസ്ഥാനത്തെ കേസുകളില്‍ നല്ലൊരു പങ്ക്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ബലാത്സംഗമടക്കം 124 കേസുകളാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഈയിനം കേസുകളുടെ എണ്ണം 611 വരും. വിവിധ കേസുകളില്‍പ്പെട്ട് ജയിലില്‍ എത്തുന്നവരുടെ എണ്ണവും വന്‍തോതില്‍ കുറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് പുരുഷന്മാര്‍ വീടുകളില്‍ തന്നെ ഒതുങ്ങിക്കഴിയേണ്ടി വന്നത് മൂലം ഗാര്‍ഹിക പീഡന കേസുകള്‍ വര്‍ധിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രസ്താവിച്ചിരുന്നുവെങ്കിലും കേരളത്തില്‍ ഈ ഗണത്തില്‍ പെട്ട കേസുകളും കുറവായിരുന്നു.
ആളുകള്‍ വീടുകളില്‍ തന്നെ കഴിഞ്ഞതും കുറ്റവാളികള്‍ ലോക്ക്ഡൗണിലായതും റോഡുകളിലെ പോലീസിന്റെ തുടര്‍ച്ചയായ സാന്നിധ്യവും എല്ലാറ്റിനുമുപരി മദ്യം, മയക്കുമരുന്ന് വില്‍പ്പന നിലച്ചതുമാണ് കുറ്റകൃത്യങ്ങള്‍ കുറയാനുള്ള പ്രധാന കാരണമെന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ വിലയിരുത്തല്‍. മദ്യവില്‍പ്പന പുനരാരംഭിച്ചതോടെ കൊലപാതകങ്ങളടക്കം കുറ്റകൃത്യങ്ങള്‍ വീണ്ടും വര്‍ധിച്ചു വരുന്നത് ഈ നിരീക്ഷണത്തെ ബലപ്പെടുത്തുന്നു. കുറ്റകൃത്യങ്ങള്‍ കൂടുതല്‍ നടക്കുന്നത് മദ്യ, മയക്കുമരുന്ന് ലഹരിയിലാണ്. രാജ്യത്തെ കൊലപാതകങ്ങളില്‍ 84 ശതമാനവും കൈയേറ്റങ്ങളിലും ഭവനഭേദനങ്ങളിലും 70 ശതമാനവും മോഷണങ്ങളിലും ബലാത്സംഗങ്ങളിലും 65 ശതമാനവും മദ്യപാനവുമായി ബന്ധപ്പെട്ടാണുണ്ടാകുന്നത്. വര്‍ഷാന്തം ഇതിന്റെ തോത് രണ്ട് ശതമാനം വര്‍ധിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ ആത്മഹത്യകളില്‍ 35 ശതമാനവും മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം നടത്തിയ പഠനം കാണിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും സംബന്ധിച്ച് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന്റെ വിശദീകരണം തേടുകയും ചെയ്തിരുന്നു.
മദ്യപന്മാരുടെ ആരോഗ്യ പ്രശ്‌നത്തില്‍ ഒതുങ്ങുന്നതല്ല മദ്യപാനത്തിന്റെ ദുരന്തം. അവരുടെ കുടുംബത്തെയും സമൂഹത്തെയാകെ തന്നെയും ഇത് ബാധിക്കുന്നു. സാമ്പത്തിക ശേഷി കുറഞ്ഞ തൊഴിലാളികളും സാധാരണക്കാരുമാണ് മദ്യപാനികളില്‍ കൂടുതലും. ഇത്തരക്കാരുടെ വരുമാനത്തിന്റെ മുഖ്യ പങ്കും മദ്യത്തിനു വേണ്ടി വിനിയോഗിക്കുന്നതിനാല്‍ കുടുംബം പട്ടിണിയിലാകുന്നു. മൂക്കറ്റം മദ്യപിച്ചു വരുന്ന ഗൃഹനാഥനില്‍ നിന്ന് കുടുംബാംഗങ്ങള്‍ ശാരീരികവും മാനസികവുമായ പീഡനങ്ങളും ഏല്‍ക്കേണ്ടി വരുന്നു. നിരന്തരമുള്ള മാനസിക, ശാരീരിക പീഡനം മൂലം കുടുംബിനികള്‍ മനോരോഗികളായി മാറുകയുമാണ്. മദ്യപരുടെ ഭാര്യമാരില്‍ 70 ശതമാനത്തിലും വിഷാദ രോഗം, ആത്മഹത്യാ പ്രവണത, ലൈംഗിക മരവിപ്പ് തുടങ്ങിയ മാനസിക രോഗങ്ങള്‍ കണ്ടുവരുന്നതായും കുട്ടികള്‍ ആരോഗ്യപരമായും ശാരീരികമായും ഏറെ പിന്നിലായിരിക്കുമെന്നുമാണ് പഠനങ്ങള്‍ കാണിക്കുന്നത്. മദ്യപാനത്തിലൂടെ വന്നുചേരുന്ന രോഗങ്ങള്‍ ചികിത്സിക്കേണ്ടതിന്റെ ബാധ്യത കൂടി വന്നുചേരുന്നതോടെ കുടുംബത്തിന്റെ ദുരിതം ശതഗുണീഭവിക്കുകയും ചെയ്യുന്നു. മദ്യപാനികളുടെ ദാമ്പത്യ ബന്ധം ഏറെയും തകര്‍ച്ചയുടെ വക്കിലായിരിക്കും. കുടുംബ കലഹങ്ങളില്‍ 80 ശതമാനവും വിവാഹ മോചനങ്ങളില്‍ 30 ശതമാനവും മദ്യപാനം മൂലമാണ്. കേരളത്തിലെ 61 ശതമാനം കുടുംബങ്ങളിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് കുടുംബ ഭദ്രത തകര്‍ക്കുന്നതോടൊപ്പം കുട്ടികളുടെ സ്വസ്ഥത കൂടി നശിപ്പിക്കുന്നു. ലോക്ക്ഡൗണില്‍ അടച്ചിട്ട മദ്യഷാപ്പുകള്‍ ഇനിയൊരിക്കലും തുറക്കാതിരുന്നെങ്കില്‍ എന്നായിരുന്നു സംസ്ഥാനത്ത് സമാധാനവും സ്വസ്ഥജീവിതവും കാംക്ഷിക്കുന്നവരെല്ലാം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ജനതാത്പര്യത്തേക്കാള്‍ മദ്യമുതലാളിമാരുടെയും മദ്യമാഫിയയുടെയും താത്പര്യങ്ങള്‍ക്കാണല്ലോ ഭരണത്തിലിരിക്കുന്നവര്‍ പ്രാമുഖ്യം നല്‍കുന്നത്.