Connect with us

Kerala

രണ്ട് ജില്ലകള്‍ക്കിടയിലെ ബസ് സര്‍വീസിന് ഉപാധികളോടെ അനുമതി; സ്‌കൂളുകള്‍ ജൂലൈക്കു ശേഷം

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 30 വരെയുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം രണ്ടു ജില്ലകള്‍ക്കിടയിലെ ബസ് സര്‍വീസിന് ഉപാധികളോടെ അനുമതിയുണ്ട്. വിവാഹം, സിനിമാ ഷൂട്ടിംഗ് എന്നിവയുടെ കാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങളോടെയുള്ള ഇളവുകളുണ്ടാകും.
ലോക്ക് ഡൗണില്‍ നിന്ന് ഘട്ടം ഘട്ടമായി മുക്തമാവുമ്പോള്‍ ചില കാര്യങ്ങളില്‍ ഏതു രീതിയിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ചു തീരുമാനിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. രോഗവ്യാപനത്തിന്റെ തോതിനനുസരിച്ച് നിയന്ത്രണം തുടരാനോ കര്‍ക്കശമാക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്.

കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂട്ടം ചേരലുകള്‍ തുടര്‍ന്നും അനുവദിക്കാനാകില്ല. പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണവും തുടരും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേര്‍ മാത്രമെന്ന പരിധി വച്ച് വിവാഹ ചടങ്ങുകള്‍ അനുവദിക്കും. വിദ്യാലയങ്ങള്‍ ജൂലൈയിലോ അതിനു ശേഷമോ തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന കാര്യം ആലോചിക്കും. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും.

തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കും. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം. എന്നാല്‍, യാത്രയില്‍ മാസ്‌ക് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബസിന്റെ വാതിലിനടുത്ത് സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉണ്ടാകണം. കാറില്‍ ഡ്രൈവര്‍ക്ക് പുറമെ മൂന്ന് പേര്‍ക്കും ഓട്ടോയില്‍ രണ്ട് പേര്‍ക്കും യാത്ര ചെയ്യാം. സിനിമാ ഷൂട്ടിംഗ് സുരക്ഷാ മാനദണ്ഡം പാലിച്ച് സ്റ്റുഡിയോയിലോ ഇന്‍ഡോര്‍ ലൊക്കേഷനിലോ ആകാം. ഇവിടെയും 50 ല്‍ കൂടുതലാളുകള്‍ പാടില്ല. ചാനലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിംഗില്‍ പരമാവധി 25 പേര്‍ മാത്രമേ ഉണ്ടാകാവൂ.

Latest