Connect with us

Education

സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠനം തുടങ്ങി; വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് രോഗ വ്യാപനത്തിന്റെ സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ പഠനത്തിന് തുടക്കാമായി. തിങ്കളാഴ്ച രാവിലെ 8.30നാണ് ഓണ്‍ലൈന്‍ ക്ലാസ് വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം തുടങ്ങിയത്. പ്ലസ് ടു ഇംഗ്ലീഷ് ക്ലാസാണ് ആദ്യം തുടങ്ങിയത്. ഗായിക ചിത്രയുടെ ഗാനത്തോടെയായിരുന്നു തുടക്കം. അതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ പ്രസംഗം.

ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രായോഗികത അധ്യാപകര്‍ നിരീക്ഷിക്കണമെന്നും വിദ്യാര്‍ഥികള്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും ആമുഖ സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി

ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ വിജയമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. തുടര്‍ന്ന് പ്ലസ്ടു ഇംഗ്ലീഷ് ആരംഭിച്ചു. അധ്യാപികമാരായ രതി എസ് നായര്‍, എം വി അരൂജ് എന്നിവരാണ് ആദ്യ ക്ലാസ് നയിച്ചത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോളജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായി. രാവിലെ എട്ടരക്ക് തിരുവനന്തപുരം സംസ്‌കൃത കോളജിലെ ഒറൈസ് കേന്ദ്രത്തിലൂടെ തത്സമയ ക്ലാസ് നടത്തി മന്ത്രി ഡോ. കെ ടി ജലീല്‍ കോളജുകളിലെ ഓണ്‍ലൈന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലായി ഏകദേശം 37 ലക്ഷം വിദ്യാര്‍ഥികളാണുള്ളത്. പ്ലസ് ടു ക്ലാസുകളില്‍ നാലര ലക്ഷത്തോളം വിദ്യാര്‍ഥികളും. സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്.

ഓരോ ക്ലാസുകള്‍ക്കും മുന്‍കൂട്ടി പ്രസിദ്ധീകരിച്ച ടൈംടേബിള്‍ പ്രകാരം നിശ്ചിതസമയം ആണ് ക്ലാസ്. രാത്രിയിലും ശനി, ഞായര്‍ ദിവസങ്ങളിലും ക്ലാസുകള്‍ പുനഃസംപ്രേക്ഷണം ചെയ്യും. വിക്‌ടേഴ്‌സിന്റെ വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയും.

പ്ലസ് വണ്‍ ഒഴികെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ക്ക് രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് ക്ലാസുകള്‍. പ്ലസ് ടുവിന് രണ്ട് മണിക്കൂറും പത്താം ക്ലാസിന് ഒന്നര മണിക്കൂറും മറ്റ് ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക് ഒരു മണിക്കൂറും പ്രൈമറി ക്ലാസുകള്‍ക്ക് അര മണിക്കൂറുമായിരിക്കും ഒരു ദിവസം ക്ലാസ്.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്താനും ബദല്‍ സൗകര്യമൊരുക്കാനും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ തുറക്കുന്നത് വരെ അധ്യാപകര്‍ ഹാജരാകേണ്ടതില്ല. സി ബിഎസ് ഇ, ഐ സി എസ് ഇ സിലബസിലുള്ള വിദ്യാലയങ്ങളിലും തിങ്കളാഴ്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി.

ഇന്നത്തെ ടൈംടേബിള്‍ ഇങ്ങനെ:

പ്ലസ്ടു: 8.30 ഇംഗ്ലീഷ്, 9.00 ജ്യോഗ്രഫി, 9.30 മാത്തമാറ്റിക്‌സ്, 10 കെമിസ്ട്രി.

പത്താംക്ലാസ്: 11 ഭൗതികശാസ്ത്രം, 11.30 ഗണിതശാസ്ത്രം, 12 ജീവശാസ്ത്രം

ഒമ്പതാംക്ലാസ്: 4.30 ഇംഗ്ലീഷ്, 5 ഗണിതശാസ്ത്രം

എട്ടാംക്ലാസ്: 3.30 ഗണിതശാസ്ത്രം, 4 രസതന്ത്രം

ഏഴാംക്ലാസ്: 3 മലയാളം

ആറാംക്ലാസ്: 2.30 മലയാളം

അഞ്ചാംക്ലാസ്: 2 മലയാളം

നാലാംക്ലാസ്: 1.30 ഇംഗ്ലീഷ്

മൂന്നാംക്ലാസ്: 1 മലയാളം

രണ്ടാംക്ലാസ്: 12.30 ജനറല്‍

ഒന്നാംക്ലാസ്: 10.30 പൊതുവിഷയം

Latest