Connect with us

International

വൈറ്റ്ഹൗസിന് മുന്നിലും പ്രതിഷേധം; ട്രംപിനെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റി

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി | ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ പ്രക്ഷോഭം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. കൊവിഡ് ഭീഷണിയും നിയന്ത്രണങ്ങളും മറികടന്ന് അമ്പതോളം നഗരങ്ങളിലാണ് പ്രതിഷേ റാലികളും മറ്റും നടന്നത്.

വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധക്കാര്‍ തടിച്ച്കൂടിയതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു മണിക്കൂറോളം ട്രംപിനെ വൈറ്റ് ഹൗസിലെ ഭൂഗര്‍ഭ ബങ്കറില്‍ സുരക്ഷിതനാക്കിയെന്നും തുടര്‍ന്ന് വീണ്ടും മുകളിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം മെലാനിയ ട്രംപിനേയും മകന്‍ ബാരണ്‍ ട്രംപിനേയും ബങ്കറിലേക്ക് മാറ്റിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തിന് ഉത്തരവാദികളായ നാല് പോലീസുകാര്‍ക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത് ദുര്‍ബലമായ കുറ്റങ്ങളാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു.

പ്രതിഷേധം നടക്കുന്ന പലയിടത്തും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 20ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ്ഹൗസിന് സമീപത്തേക്ക് പ്രതിഷേധം എത്തിയതോടെയാണ് വാഷിംഗ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

ഇന്ത്യാനപൊളിസിലും ലോസ് ഏഞ്ചല്‍സിലും ഷിക്കാഗോ, അറ്റ്‌ലാന്റ, ലൂയിസ് വില്ലെ, സാന്‍ഫ്രാന്‍സിസ്‌കോ, ഡെന്‍വര്‍ തുടങ്ങിയ നഗരങ്ങളിലുമെല്ലാം കര്‍ഫ്യൂ ഏര്‍പ്പെടുത്തി.