Connect with us

Articles

ഓണ്‍ലൈന്‍വത്കരണത്തില്‍ പ്രശ്‌നങ്ങളുണ്ട്‌

Published

|

Last Updated

നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളില്‍ ഒരു പൊളിച്ചെഴുത്തോ അല്ലെങ്കില്‍ ചില മൗലികമായ മാറ്റങ്ങളോ പലപ്പോഴും ചര്‍ച്ചകളില്‍ വരുന്നതാണ്. എപ്പോള്‍, ആര്, എങ്ങനെ തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങളില്‍ കുരുങ്ങി ഇത്തരം ചര്‍ച്ചകള്‍ ഫലശൂന്യമാകാറാണ് പതിവ്. കൊവിഡ് കാലത്തെ വിദ്യാഭ്യാസം ഒരടിസ്ഥാന പ്രശ്‌നമായിരിക്കെ ഇപ്പോഴും നാം പുതുമകളിലേക്കോ പുതിയ പാഠ്യ സംവിധാനങ്ങളിലേക്കോ പ്രവേശിക്കാന്‍ തയ്യാറായിട്ടില്ലെന്നതാണ് പ്രശ്‌നം. ആരോഗ്യം പോലെ അതിപ്രധാനമായ വിദ്യാഭ്യാസ കാര്യത്തില്‍ വേണ്ടത്ര ഗൗരവതരമായ ചര്‍ച്ചകള്‍ പോലും നടന്നില്ല. ഭരണപക്ഷവും പ്രതിപക്ഷവും പൊതുജനങ്ങളും കൊവിഡ് കാലത്തെ വിദ്യാഭ്യാസത്തെ പഴയ ആലയില്‍ തന്നെ തളച്ചിടുന്നതില്‍ സന്തോഷം കണ്ടെത്തിയെന്നുവേണം മനസ്സിലാക്കാന്‍. കാരണം മാറ്റം കേവലം ചില ഓണ്‍ലൈന്‍വത്കരണങ്ങളില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണിപ്പോള്‍.

ഓണ്‍ലൈന്‍ സംവിധാനങ്ങളില്ലാത്ത വീടുകള്‍, സംവിധാനങ്ങള്‍ ഉണ്ടെങ്കിലും റീചാര്‍ജ് ചെയ്യാന്‍ വകയില്ലാത്ത കുടുംബങ്ങള്‍, റീചാര്‍ജ് ചെയ്താലും നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍ നിരന്തരം വേട്ടയാടുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍, വീട്ടിലെ ഏക ഫോണുമായി ജോലിക്ക് പോകുന്ന ഗൃഹനാഥനുള്ള വീടുകള്‍, രണ്ടും മൂന്നും അതിലധികവും പഠിതാക്കളുള്ള വീടുകളില്‍ ഒരൊറ്റ ഫോണോ മറ്റുപകരണമോ കൊണ്ട് കുടുങ്ങുന്നവര്‍, എല്ലാത്തിലുമുപരി ചെറിയ മക്കളുടെയും അല്ലാത്തവരുടെയും ആരോഗ്യ പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദങ്ങളും- ഇത്തരം ധാരാളം കാര്യങ്ങളെ പരിഗണിക്കുക പോലും ചെയ്യാതെ എല്ലാം ഓണ്‍ലൈന്‍വത്കരിക്കുന്നതോടെ പരിഹരിക്കപ്പെടുമെന്ന ധാരണയിലാണ് ഇപ്പോഴും നാമെല്ലാവരും. കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലും പ്രായോഗികമല്ലയിതെന്നു കേവല ചിന്തക്കുപോലും മനസ്സിലാകുമായിരുന്നുവെങ്കിലും നീണ്ട രണ്ട് മാസത്തിലധികം സമയം ലഭിച്ചിട്ടും നമുക്ക് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനോ നിര്‍ദേശിക്കാനോ ആയില്ലെന്നത് നിര്‍ഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്. മീഡിയയും സര്‍ക്കാര്‍പോലും അത്തരം ചര്‍ച്ചകളെ പ്രോത്സാഹിപ്പിച്ചതുമില്ല.

നേരിട്ട് വിദ്യാര്‍ഥിയുടെ മുഖത്തുനോക്കി ക്ലാസെടുക്കുകയെന്ന ഉദ്ദേശ്യത്തില്‍ രചിക്കപ്പെട്ട ടെക്സ്റ്റ് ബുക്കുകള്‍ അപ്പടി ഓണ്‍ലൈന്‍വത്കരിച്ചതില്‍ എന്തായാലും പ്രശ്‌നങ്ങളുണ്ടാകും. പല പാഠഭാഗങ്ങളും കുട്ടികള്‍ നേരിട്ടു കേട്ടാല്‍ തന്നെ മനസ്സിലാകാത്തതാണെന്ന കാര്യവും കൂടി നാം ഓര്‍ക്കണം. ഓണ്‍ലൈനില്‍ ക്ലാസുകള്‍ നല്‍കുകയാണെങ്കില്‍ തന്നെ അതിനു പ്രത്യേകം സിലബസ് വേണ്ടിയിരുന്നുവെന്നര്‍ഥം. നിലവിലെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ ശാസ്ത്ര വിഷയങ്ങളും സാമൂഹിക ശാസ്ത്ര വിഷയങ്ങളും ഒരു അധ്യാപകന്‍ നേരിട്ട് പഠിപ്പിക്കുന്നതിനേക്കാള്‍ ഫലപ്രദമായി ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ ചെയ്യാന്‍ കഴിയും. ഉദാഹരണമായി നാലോ അഞ്ചോ ദിവസങ്ങള്‍ വെച്ച് ക്ലാസെടുക്കുന്ന ഒരു ഫിസിക്‌സ് വിഷയം ഒരൊറ്റ മണിക്കൂര്‍ മാത്രമുള്ള വീഡിയോയില്‍ ചിത്രീകരണവും സ്റ്റോറിയുമായി നല്‍കാനായാല്‍ കുട്ടികളുടെ മനസ്സില്‍ അത് എന്നും നിലനില്‍ക്കും. തിയറിയും അതോടൊപ്പം അവയുടെ ചലിക്കുന്ന മനോഹര ചിത്രാവിഷ്‌കാരവുമുണ്ടാകുമ്പോള്‍ ഏതൊരു കുട്ടിക്കും ഗ്രാഹ്യമാകും. സ്‌കൂള്‍ ക്ലാസ്‌റൂമുകളില്‍ വരെ മിക്ക സബ്ജക്റ്റുകളും ഇനിയുള്ള കാലങ്ങളില്‍ ഈ ശൈലിയിലാണ് പഠിപ്പിക്കേണ്ടതെന്നിരിക്കെ ഇപ്പോള്‍ ചെയ്തതു പോലെ ആ പഴയ സംവിധാനത്തെ തന്നെ ഓണ്‍ലൈന്‍വത്കരിക്കുന്നതില്‍ ഒരര്‍ഥവുമില്ല. സര്‍ക്കാര്‍ ടെക്സ്റ്റ്ബുക്കുകളുടെ പി ഡി എഫ് ലഭ്യമാക്കിയിരുന്നു. ടെക്സ്റ്റ്ബുക്ക്‌രഹിത അധ്യാപനം നമ്മുടെ ഒരു സ്വപ്‌നമായിരിക്കെ അതിനുള്ള ഏറ്റവും വലിയ അവസരമായിരുന്നു കൊവിഡ് കാലം. അത് കളഞ്ഞുകുളിക്കുന്നുവെന്നു വേണം പറയാന്‍.

ലോകത്തെ ഏറ്റവും നല്ല സ്‌കൂള്‍ പഠനങ്ങള്‍ നടക്കുന്ന ഫിന്‍ലന്‍ഡ് അടക്കമുള്ള രാഷ്ട്രങ്ങളിലെ സംവിധാനങ്ങള്‍ വളരെപ്പെട്ടെന്ന് ആവിഷ്‌കരിക്കാന്‍ പറ്റിയ ഒരു സമയമാണ് നാം നഷ്ടപ്പെടുത്തിയിരിക്കുന്നത്. യൂനിവേഴ്‌സിറ്റികള്‍ പോലും ഓരോ വിഷയത്തിനും ഇപ്പോഴും ടെക്സ്റ്റ് ബുക്കുകള്‍ നല്‍കുകയും ആ ടെക്സ്റ്റ് ബുക്കുകളില്‍ മാത്രമുള്ളത് പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന ദനയീയാവസ്ഥ നമ്മുടെ നാട്ടിലുണ്ടെന്നത് നമ്മെ അലോസരപ്പെടുത്തുന്നുപോലുമില്ല. പരന്ന വിജ്ഞാനങ്ങള്‍ തേടിപ്പിടിക്കേണ്ട പ്രായക്കാരെ രണ്ടോ മൂന്നോ അതിലധികമോ ബുദ്ധികളുടെ ശ്രമഫലമായുണ്ടായ ഒരു ടെക്സ്റ്റ് ബുക്കില്‍ തളച്ചിടുന്നത് ഈ തലമുറയോട് തന്നെ ചെയ്യുന്ന ക്രൂരതയാണ്. പകരം സിലബസും മാര്‍ഗനിര്‍ദേശങ്ങളും അടിസ്ഥാന വിവരങ്ങളും നല്‍കി വിഷയങ്ങളിലൂടെ നീന്തിസഞ്ചരിക്കാന്‍ നമ്മുടെ വിദ്യാര്‍ഥികളെ പര്യാപ്തരാക്കണം- പ്രത്യേകിച്ചും കോളജ് വിദ്യാര്‍ഥികളെ. അതിനുപകരം കൊവിഡ് കാലത്തും നേരിട്ട് ക്ലാസെടുക്കാന്‍ സംവിധാനമില്ലാതിരിക്കെ തന്നെ അധ്യാപകന്റെ വിവരവും ടെക്സ്റ്റ് ബുക്കിലെ വിവരവും മാത്രം നല്‍കി പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഈ വ്യഗ്രത നാണക്കേടാണ്.

എഴുതാനും വായിക്കാനും ഗവേഷണം ചെയ്യാനും കൊച്ചുകൊച്ചു കണ്ടുപിടിത്തങ്ങള്‍ നടത്താനും നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് വീണുകിട്ടിയ അവസരമായിരുന്നു ഈ കാലം. അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുകയും അത്തരം പാഠ്യപദ്ധതികള്‍ ആവിഷ്‌കരിക്കുകയും അവ പ്രകാശിതമാക്കാന്‍ സംവിധാനങ്ങളൊരുക്കുകയും ചെയ്യേണ്ടതിനു പകരം “തിരുവായ്” സംവിധാനത്തിലേക്ക് തന്നെ നാം പരിമിതപ്പെട്ടു. ഓരോ വിദ്യാര്‍ഥിയും തന്റെ സ്വന്തം ആത്മകഥയും മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ആത്മകഥയും കുടുംബത്തിന്റെ ചരിത്രവും തുടങ്ങിയ നൂറുകണക്കിന് കാര്യങ്ങള്‍ ചെയ്ത് സര്‍ഗാത്മകത, ചരിത്ര ബോധം, കുടുംബത്തോടുള്ള ധാര്‍മിക മനോഭാവം തുടങ്ങിയ ധാരാളം കാര്യങ്ങള്‍ ഇപ്പോള്‍ പരിപോഷിപ്പിക്കാം. നമ്മുടെ കഥകള്‍ അടുത്ത തലമുറക്ക് നല്‍കേണ്ടതില്ലേ, കുടുംബത്തിന്റെ കഥകള്‍ രേഖപ്പെടുത്തേണ്ടതില്ലേ തുടങ്ങിയ കാര്യങ്ങള്‍ ഇതുവായിക്കുന്ന ഓരോരുത്തരും ചിന്തിക്കുക. നമ്മുടെ ടെക്സ്റ്റ് ബുക്കുകളിലില്ലാത്ത, എന്നാല്‍ വിദ്യാര്‍ഥികള്‍ക്കനിവാര്യമായ ആയിരക്കണക്കിന് ഇത്തരം കാര്യങ്ങളെ ഇപ്പോഴും നാം അവഗണിക്കുന്നു. ചുറ്റുവട്ടവും ആകാശവും ഭൂമിയും പരിസ്ഥിതിയുമെല്ലാം നേരിട്ട് നിരീക്ഷിച്ചു പഠിപ്പിക്കാന്‍ ലഭിച്ച അവസരവും ഇതായിരുന്നു. നിരീക്ഷണങ്ങളിലൂടെ വലിയ സിദ്ധാന്തങ്ങള്‍ രൂപപ്പെടുമെന്നും അതുകൊണ്ട് നിരീക്ഷകരാകണമെന്നുമുള്ള ബോധവും സിദ്ധാന്തം ആവിഷ്‌കരിക്കാനുള്ള അടിസ്ഥാന വിജ്ഞാനവും നല്‍കി കുട്ടിശാസ്ത്രജ്ഞരെയും മറ്റും വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങളും നടന്നില്ല.

വീട്ടുമുറ്റത്തെ ഒരു പക്ഷിയെയോ ഒരു മൃഗത്തെയോ ഒരു മാസമെങ്കിലും നിരീക്ഷിച്ച് ഒരു നിഗമനത്തിലും പ്രബന്ധത്തിലുമെത്താന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴാണ് അവസരം നല്‍കേണ്ടത്. അതാണല്ലോ ജന്തുശാസ്ത്രം. ജന്തുശാസ്ത്രത്തിലെ ഗവേഷണവും ഇങ്ങനെയാണ്. കൊവിഡ് ദുരന്തം കഴിയുവോളം ഈ ടെക്സ്റ്റ് ബുക്കുകള്‍ മാറ്റിവെച്ചാല്‍ തീര്‍ച്ചയായും നമ്മുടെ കുട്ടികളുടെ വിവരം വര്‍ധിക്കുകയേ ചെയ്യൂവെന്നാണ് എന്റെ മാന്യമായ പക്ഷം. അത്രമാത്രം പുറം വിവരങ്ങള്‍ സമ്പാദിക്കാനുണ്ട്. അഥവാ ചെറിയ ഗവേഷണങ്ങള്‍ നടക്കട്ടെ. വലിയ വിപ്ലവങ്ങള്‍ സംഭവിക്കും. അതിനുള്ള പദ്ധതികളും സിലബസുകളും ഉടന്‍ ആവിഷ്‌കരിക്കണം. കൂടാതെ, കെ ജി ക്ലാസുകളിലെയും വളരെ ചെറിയ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. രക്ഷിതാക്കള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കുകയേ വേണ്ടൂ. ഫിന്‍ലാന്‍ഡില്‍ കുട്ടികള്‍ സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങുന്നത് തന്നെ ഏഴാം വയസ്സിലാണ്. അവരാണ് ലോകത്തെ ഒന്നാം നമ്പര്‍.

പ്രായോഗിക ജീവിതത്തിലും മറ്റും കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള അവസരവും ഇതുതന്നെയാണ്. ചെറിയ നാട്ടുജോലികളുടെയും കൃഷിയുടെയും ചെറുകിട വ്യവസായങ്ങളുടെയും പ്രാധാന്യം ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ പുതിയ നമ്മുടെ തലമുറക്ക് ഇത്തരം വിവരങ്ങളൊന്നുമില്ലെന്നതാണ് യാഥാര്‍ഥ്യം. കൊവിഡ് പ്രതിസന്ധി കഴിയുവോളം പാഠ്യ വിഷയമായി വരേണ്ടത് ഇവയൊക്കെയാണ്. എങ്കില്‍ അടുത്തൊരു പ്രതിസന്ധി കാലത്തില്‍ ബുദ്ധിമുട്ടില്ലാതെ ഈ തലമുറക്ക് ജീവിക്കാനാകും.

ഇതെല്ലാം പ്രായോഗികമാകണമെങ്കില്‍ സര്‍ക്കാര്‍ തന്നെ സിലബസും മാര്‍ഗനിര്‍ദേശങ്ങളും ഉണ്ടാക്കണം. ഓരോ വിഷയത്തിലും കുട്ടികളെ അത്യുന്നതരാക്കുന്ന നൂറുകൂട്ടം പ്രവൃത്തികള്‍ ആവിഷ്‌കരിക്കണം. എന്നിട്ട് ഓരോ കുട്ടിയുടെയും പരിതസ്ഥിതിയനുസരിച്ച് തിരഞ്ഞെടുക്കാനുള്ള അവസരവും നല്‍കണം. അതിനു പുറമെ, സ്‌കൂള്‍ എന്ന ആശയത്തെ മാറ്റി നിര്‍വചിക്കേണ്ടതുമുണ്ട്. നിലവിലെ കെട്ടിടവും അതിലെ ശമ്പളം പറ്റുന്ന അധ്യാപകരും എന്ന ആശയത്തില്‍ നിന്ന് മാറി ഓരോ ഗ്രാമവും സ്‌കൂളുകളാകണം. ആ ഗ്രാമത്തിലെ അധ്യാപകര്‍, അധ്യാപക യോഗ്യതയുള്ളവര്‍, മറ്റു വിദ്യാഭ്യാസമുള്ളവര്‍, പെന്‍ഷന്‍ വാങ്ങുന്നവരും അല്ലാത്തവരുമായ അധ്യാപകരും വിദ്യാഭ്യാസമുള്ളവരും എന്നിവരെയെല്ലാം സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ കണ്ടെത്തണം. നിലവില്‍ അധ്യാപകരല്ലാത്തവരില്‍ നിന്ന് സന്നദ്ധ സേവകരാകാന്‍ തയ്യാറുള്ളവരെയാണ് പരിഗണിക്കേണ്ടത്. ഇങ്ങനെ ഗ്രാമപഞ്ചായത്ത് മുതല്‍ സ്റ്റേറ്റ് തലം വരെ ശൃംഖലയുണ്ടാക്കി പരിശീലനവും സിലബസും മൊഡ്യൂളും നല്‍കി ഓരോ വീടും കുടുംബശ്രീ യൂനിറ്റുകളുമെല്ലാം സ്‌കൂളുകളാകണം. ഈ അധ്യാപക വൃന്ദത്തിലൂടെയാണ് നേരത്തേ പറഞ്ഞ കാര്യങ്ങളൊക്കെ നടപ്പാക്കേണ്ടതും മൂല്യനിര്‍ണയം നടത്തേണ്ടതും. ഇവര്‍ക്ക് തന്നെ മുഴുവന്‍ സാങ്കേതിക ബുദ്ധിമുട്ടുകളും അവസാനിപ്പിക്കാനാകണം. അഥവാ ആരോഗ്യ പ്രവര്‍ത്തകരെപ്പോലെ നമുക്ക് വിദ്യാഭ്യാസ പ്രവര്‍ത്തകരുണ്ടാകണം. ക്വാറന്റൈന്‍ കേന്ദ്രങ്ങളെ പോലെ ഓരോ വീട്ടിലും ഗ്രാമത്തിലും സ്‌കൂളുകളുണ്ടാകണം.

സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനാണെന്നിരിക്കെ ഇതെല്ലാം പെട്ടെന്ന് നടത്താവുന്നതേയുള്ളൂ. അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരുമില്ലാത്ത നാടുകളിലേക്ക് ആളെക്കണ്ടെത്തേണ്ട ഉത്തരവാദിത്വം പഞ്ചായത്തുകള്‍ക്ക് നല്‍കുകയും ചെയ്യാം. ഇതിനെല്ലാം സര്‍ക്കാറിന് ബുദ്ധിമുട്ടാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം ഓരോ ക്ലാസ് കുട്ടികളെ സമ്പൂര്‍ണ സുരക്ഷിതത്വത്തോടെ നിലവിലെ സ്‌കൂളുകളിലെത്തിച്ച് ഒരാഴ്ചത്തേക്കുള്ള മാര്‍ഗ നിര്‍ദേശവും കഴിഞ്ഞയാഴ്ചത്തെ മൂല്യ നിര്‍ണയവും നടത്തുകയും ചെയ്യാം.
ചുരുക്കിപ്പറഞ്ഞാല്‍ ലോക്ക്ഡൗണും കൊവിഡ് പ്രതിസന്ധിയും നമുക്ക് മാറാനുള്ള അവസരമാണ് തരുന്നത്. ഇതൊരു അവസരമാണ്. തീര്‍ച്ചയായും ഇനിയും ഉയര്‍ന്ന ചിന്തകളും ചര്‍ച്ചകളും വരേണ്ടതുണ്ട്. ആരോഗ്യ രംഗത്ത് മികച്ച മാതൃകകള്‍ സൃഷ്ടിക്കുന്ന നമുക്ക് വിദ്യാഭ്യാസ രംഗത്തും മികച്ച മാതൃക സൃഷ്ടിക്കാന്‍ കഴിയാതിരിക്കാന്‍ പാടില്ല. വിദ്യാഭ്യാസമാണല്ലോ ആരോഗ്യത്തെപ്പോലും നിര്‍വചിക്കുന്നത്.

Latest