Connect with us

Kerala

മദ്യലഹരിയില്‍ മക്കളുടെ ക്രൂരത; ചങ്ങനാശ്ശേരിയില്‍ അമ്മയെ വെട്ടിക്കൊന്നു; തിരൂരില്‍ പിതാവിനെ തള്ളിയിട്ടു കൊന്നു

Published

|

Last Updated

കോട്ടയം/മലപ്പുറം | മദ്യലഹരിയില്‍ സംസ്ഥാനത്ത് രണ്ടിടങ്ങളിലായി മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. കോട്ടയത്തെ ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമരയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ മലപ്പുറം തിരൂരില്‍ മകന്‍ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി.
ചങ്ങനാശ്ശേരിയില്‍ അമര കന്യാക്കോണില്‍ കുഞ്ഞന്നാമ്മ (55)യാണ് മകന്‍ ജിതിന്‍ ബാബു (27)വിന്റെ വെട്ടേറ്റ് മരിച്ചത്.

ശനിയാഴ്ച രാത്രി 10.30 ഓടെയാണ് ചങ്ങനാശ്ശേരിയിലെ
സംഭവം. വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കൃത്യത്തിനു ശേഷം ജിതിന്‍ തന്നെയാണ് അയല്‍വാസിയെ ഫോണില്‍ വിവരമറിയിച്ചത്.പോലീസ് എത്തി വീടിന്റെ ഗ്രില്‍ പൊളിച്ച് അകത്തു കയറി നോക്കിയപ്പോള്‍ കുഞ്ഞന്നാമ്മയെ കിടപ്പുമുറിയില്‍ കഴുത്തിനു വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നിതിനെ ചോദ്യം ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. പരിശോധനകള്‍ക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

തിരൂരില്‍ പിതാവ് മുത്തൂര്‍ പുളിക്കല്‍ മുഹമ്മദ് ഹാജി (70)യെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സിദ്ദീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ മകനെ മുഹമ്മദ് ഹാജി ശകാരിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ മുഹമ്മദ് ഹാജിയെ അബൂബക്കര്‍ തള്ളിവീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഹാജിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

---- facebook comment plugin here -----