Articles
എനിക്ക് ശ്വാസംമുട്ടുന്നൂ...

അമേരിക്കയിലെ വടക്കന്‍ മേഖലയിലെ വിശാലമായ സ്റ്റേറ്റാണ് മിനസോട്ട. ഹെനപെന്‍ കൗണ്ടിയിലാണ് ജനവാസത്തിന്റെ ഭൂരിഭാഗവും. മിനിയാപോളിസ് ആണ് പ്രധാനനഗരം. പാര്‍ക്കുകളുടെയും തടാകങ്ങളുടെയും നഗരമെന്നാണ് വിളിപ്പേര്. ഈ നഗരത്തെ മാത്രമെടുത്താല്‍ 36 ശതമാനം പേര്‍ വരും കുടിയേറ്റക്കാര്‍. ഇതില്‍ പകുതി പേരും സോമാലിയയില്‍ നിന്ന് വന്നവര്‍. അഭയാര്‍ഥികളായും ജോലി തേടിയും വന്ന് പൗരത്വം നേടിയവര്‍. യു എസ് കുടിയേറ്റ പുനരധിവാസ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുള്ളത് മിനിയാപോളിസിനെയാണ്. ഇവിടെ പ്രധാന ഓഫീസുകളിലെല്ലാം കറുത്ത വര്‍ഗക്കാരെയും കുടിയേറ്റക്കാരുടെ പ്രതിനിധികളെയും കാണാം. അവരില്‍ ചിലര്‍ ആഫ്രോ- അമേരിക്കക്കാരെ സമ്പൂര്‍ണ അമേരിക്കക്കാരായി മാറ്റാനുള്ള കുങ്കിയാനകളാണ്. ഇത്തരക്കാരോട് അഞ്ച് മിനുട്ട് സംസാരിച്ചാല്‍ മതിയാകും യു എസ് അപദാനമാണ് ഇവരുടെ ദൗത്യമെന്ന് മനസ്സിലാക്കാന്‍. എത്ര കണ്ട് മുഖം മിനുക്കിയാലും യു എസ് പോളിറ്റിയിലെ വംശീയത മറച്ചുവെക്കാനാകാത്ത നിലയില്‍ മിനിയാപോളിസില്‍ കാണാം. കാബ് ഡ്രൈവര്‍മാര്‍ നിങ്ങള്‍ക്കൊപ്പം ഒറ്റക്കാകുമ്പോള്‍ ഒച്ച താഴ്ത്തി വിവേചനത്തിന്റെ കഥകള്‍ പറഞ്ഞുതരും.
ഇന്ന് മിനിയാപോളിസ് വാര്‍ത്തകളില്‍ നിറയുന്നത് ഒരു കറുത്ത മനുഷ്യന്റെ മരണം കൊണ്ടാണ്. ഒരിക്കല്‍ കൂടി അമേരിക്കയില്‍ വര്‍ണവെറിക്കെതിരായ പോരാട്ടത്തിന് ആ രക്തസാക്ഷിത്വം വഴിതുറന്നിരിക്കുന്നു. ന്യൂയോര്‍ക്ക്, അറ്റ്‌ലാന്റ, ഡെട്രോയിറ്റ്, ഡെന്‍വര്‍, കെന്റുക്കി എല്ലായിടത്തും പ്രതിഷേധം പടരുകയാണ്. മുമ്പ് പലപ്പോഴും ഇത്തരം പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും ട്രംപ് രണ്ടാമൂഴത്തിനായി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിരിക്കുമ്പോള്‍, കൊവിഡ് വ്യാപനത്തില്‍ എല്ലാ പൗരാവിഷ്‌കാരങ്ങളും ബന്ദിയാക്കപ്പെട്ടപ്പോള്‍ അലയടിക്കുന്ന പ്രതിഷേധം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപിച്ചാണ് പോലീസ് പിടികൂടിയത്. സത്യത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ആളു മാറിയതായിരുന്നു. ജോര്‍ജ് കേണു പറഞ്ഞു: “നിങ്ങള്‍ അന്വേഷിക്കുന്നയാള്‍ ഞാനല്ല.” അപ്പോഴേക്കും ആ മനുഷ്യനെ പോലീസുകാരന്‍ വീഴ്ത്തിക്കളഞ്ഞിരുന്നു. അടുത്ത നടപടി കാല്‍ മുട്ടുകള്‍ കഴുത്തില്‍ ശക്തിയായി അമര്‍ത്തുകയായിരുന്നു. “നിങ്ങളുടെ കാല്‍മുട്ടുകള്‍ എന്റെ കഴുത്തിലാണ്… എനിക്കു ശ്വാസംമുട്ടുന്നു.” ജീവനുവേണ്ടി പിടഞ്ഞുകൊണ്ട് ജോര്‍ജ് പറഞ്ഞു. ചലനം പതിയെപ്പതിയെ നിലച്ചു. 48കാരനായ ആ മനുഷ്യനോട് പോലീസുകാരന്‍ നിര്‍വഹിച്ചത് ഏത് തരം നീതിയാണ്? ചില മാധ്യമങ്ങള്‍ അതിനെ മൃഗീയമെന്ന് വിശേഷിപ്പിക്കുന്നത് കണ്ടു. മൃഗങ്ങള്‍ ഒരിക്കലും സഹജീവിയോട് ഇങ്ങനെ ക്രൂരരാകില്ല. ഇത് അമേരിക്കന്‍ ജീവിതത്തില്‍ നിന്ന് മായ്ക്കാനാകാത്ത വര്‍ണവെറിയുടെ പുതിയ പതിപ്പാണ്. തീവ്രവലതുപക്ഷ രാഷ്ട്രീയ യുക്തി പനപോലെ വളരുന്ന ഏത് സമൂഹത്തിലും ഇത്തരം താണ്ഡവങ്ങള്‍ ഇടക്കിടക്ക് ഉണ്ടാകും. മരുന്ന് പുരട്ടിയും പ്രത്യേക സോപ്പുകള്‍ തേച്ച് വീണ്ടും വീണ്ടും കുളിച്ചും കഴുകിക്കളയേണ്ടതാണ് കറുപ്പെന്ന ബോധം നിലനില്‍ക്കുവോളം ജോര്‍ജുമാര്‍ക്ക് ശ്വാസം മുട്ടും. മുഹമ്മദ് അലിമാര്‍ക്ക് തന്റെ ഒളിംപിക് മെഡല്‍ ഓഹിയോ നദിയിലെറിയേണ്ടി വരും. കാക്ക കുളിച്ചാല്‍ കൊക്കാകില്ലെന്ന ചൊല്ല് ഇന്നും നിലനില്‍ക്കുന്നുണ്ടല്ലോ.
ബരാക് ഒബാമ പ്രസിഡന്റായതിനെ അമേരിക്കയില്‍ നിന്ന് വംശീയത പൂര്‍ണമായി അസ്തമിച്ചുവെന്നതിന് തെളിവായി ഉദ്ധരിക്കാറുണ്ട്. എന്നാല്‍, അത് അമേരിക്കന്‍ ബ്രാന്‍ഡിന്റെ വിശ്വാസ്യത കാക്കാനുള്ള തൊലിപ്പുറ ചികിത്സ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമൂഴം അവസാനിച്ച വര്‍ഷമാണ് ഇതിനു മുമ്പ് അമേരിക്കയില്‍ ഏറ്റവും ശക്തമായ വംശീയവിരുദ്ധ പ്രക്ഷോഭം അരങ്ങേറിയത്. ട്രംപിനെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി വാഴിച്ച വര്‍ഷം കൂടിയായിരുന്നു അത്. ഇന്ന് ജോര്‍ജിന്റെ രക്തസാക്ഷിത്വം തൊടുത്തുവിട്ട പ്രക്ഷോഭ പരമ്പരയുടെ യഥാര്‍ഥ ഊര്‍ജം അന്നത്തെ മുദ്രാവാക്യമായിരുന്നു: ബ്ലാക് ലൈവ്‌സ് മാറ്റര്‍ (കറുത്തവന്റെ ജീവന് വിലയുണ്ട്). വടക്കന്‍ കരോലിനയില്‍ നിന്നാണ് അന്നത്തെ പ്രതിഷേധം തുടങ്ങിയത്. നിരായുധരായ രണ്ട് കറുത്ത വര്‍ഗക്കാരെ പോലീസ് നിഷ്‌കരുണം വെടിവെച്ചുകൊന്നതായിരുന്നു ആധാരം.
പോലീസിനെ ആക്രമിക്കാന്‍ സജ്ജമായി നില്‍ക്കുന്നുവെന്ന വിചിത്ര വാദമുയര്‍ത്തിയാണ് കറുത്തവര്‍ഗക്കാരനെ വകവരുത്തിയത്. ഇതിനെതിരായ പ്രതിഷേധം അലയടിക്കുമ്പോള്‍ തന്നെയാണ് മകന്റെ സ്‌കൂള്‍ ബസ് കാത്തിരുന്ന 43കാരനായ കെയ്ത് ലമോണ്ട് സ്‌കോട്ട് കൊല്ലപ്പെട്ടത്. കെയ്തിന്റെ കൈയില്‍ ചുരുട്ടിപിടിച്ച പുസ്തകം തോക്കാണെന്ന് പറഞ്ഞ് പോലീസുകാരന്‍ നിറയൊഴിക്കുകയായിരുന്നു. ക്രൂരമായ അധിക്ഷേപങ്ങള്‍, സാമൂഹിക ജീവിതത്തില്‍ അരങ്ങേറുന്ന വിവേചനങ്ങള്‍, സാമ്പത്തിക അരക്ഷിതാവസ്ഥ, അന്യവത്കരണം തുടങ്ങി കറുത്തവര്‍ അനുഭവിക്കുന്ന വ്യഥകള്‍ ഇടക്ക് മാത്രം മാധ്യമ ശ്രദ്ധ പതിയുന്ന ഈ കൊലപാതകങ്ങളേക്കാള്‍ ക്രൂരമാണ്.
അമേരിക്കന്‍ ചരിത്രം തന്നെ വര്‍ണവിവേചനത്തിന്റതും അതിനെതിരായ ചെറുത്തു നില്‍പ്പിന്റതും പ്രക്ഷോഭത്തിന്റെതുമാണ്. എബ്രഹാം ലിങ്കണ്‍, ജോര്‍ജ് വാഷിംഗ്ടണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്നൊക്കെ ഉച്ചരിച്ച് ആ ചരിത്രത്തെ മറച്ചുവെക്കാന്‍ അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥക്ക് സാധിക്കില്ല. പൗരാവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ളവരും വര്‍ണവെറി അതിവേഗം തിരിച്ചുവരുന്നതില്‍ ആശങ്കയുള്ളവരും ജനാധിപത്യ വിശ്വാസികളുമായ മുഴുവന്‍ പേരും മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളും പ്രക്ഷോഭത്തില്‍ അണിനിരക്കുന്നു. “ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍” എന്ന ബാനറിന് പിറകേ ഇവര്‍ അണിനിരക്കുന്നത് സംഘടനാ സംവിധാനത്തിന്റ ബലത്തിലല്ല. സാമൂഹിക മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടക്കുന്ന, അയഞ്ഞ ഘടനയുള്ള ഇത്തരം പ്രക്ഷോഭങ്ങള്‍ വന്‍ വിപ്ലവമായി മാറുമെന്ന ചരിത്ര യാഥാര്‍ഥ്യം മുന്നിലുള്ളതുകൊണ്ട് അതീവ കൗശലത്തോടെയാണ് ഭരണകൂടം ഇതിനെ സമീപിക്കുന്നത്. ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും പോലീസുകാരെ പിരിച്ചുവിട്ടത് ഇതിന്റെ ഭാഗമാണ്.
2014ല്‍ മൈക്കല്‍ ബ്രൗണ്‍ എന്ന ആഫ്രോ- അമേരിക്കന്‍ കൗമാരക്കാരനെ മിസോറിയില്‍ വെടിവെച്ച് കൊന്നത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഫൊര്‍ഗ്യൂസണ്‍ എന്ന വെള്ളക്കാരനായ പോലീസുകാരനായിരുന്നു അന്ന് വെടിവെച്ചത്. 2012ല്‍ നീഗ്രോ വിദ്യാര്‍ഥിയായ ട്രേവിയോണ്‍ മാര്‍ട്ടിനെ കൊന്ന കേസിലെ പ്രതി ജോര്‍ജ് സിമ്മര്‍മാനെ കോടതി വെറുതേ വിട്ടതും വന്‍ പ്രതിഷേധത്തിനിടയാക്കി. നാല് വര്‍ഷത്തിനിടെ 62 തവണ അറസ്റ്റ് ചെയ്യപ്പെട്ട നീഗ്രോ വംശജനായ സാംപ്‌സനും അമേരിക്കന്‍ പോലീസ് സംവിധാനം എത്രമാത്രം വംശവെറി സൂക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ചപ്പുചവറുകള്‍ക്കിടയില്‍ നിന്നും മറ്റും സാധനങ്ങള്‍ പെറുക്കിവിറ്റ് ജീവിക്കുന്ന സാംപ്‌സന്റെ മേല്‍ വ്യാജ മോഷണക്കുറ്റം ചുമത്തിയായിരുന്നു നിരന്തരം ജയിലിലടച്ചത്.
ട്രേവിയോണ്‍ മാര്‍ട്ടിന്റെ കൊലയുമായി ബന്ധപ്പെട്ട് ഒബാമ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും പ്രസക്തമാണ്. “മുമ്പ് ഞാനും ഒരു ട്രേവിയോണ്‍ മാര്‍ട്ടിനായിരുന്നു. സെനറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നത് വരെ എനിക്കും നിരന്തരം വര്‍ണവെറിയുടെ ഇരയാകേണ്ടി വന്നിട്ടുണ്ട്. കടകളിലും തെരുവോരങ്ങളിലും ഞാന്‍ വിവേചനം അനുഭവിച്ചു. കറുത്ത വര്‍ഗക്കാര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറുന്ന വള്ളക്കാരിയായ സ്ത്രീ അതില്‍ നിന്ന് ഇറങ്ങുന്നത് വരെ ശ്വാസം വിടാതെ മൂക്കുപൊത്തി നില്‍ക്കുന്ന ദുരവസ്ഥ അനുഭവിക്കാത്ത കറുത്തവര്‍ കുറവായിരിക്കും”. കറുത്ത വര്‍ഗക്കാരനെ കൊന്ന കേസ് വിചാരണക്കെടുത്തപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ കോടതിയില്‍ പോലീസുകാരന്‍ പറഞ്ഞത് “അത് ഒരു മനുഷ്യനാണെന്ന് ഞാന്‍ മനസ്സിലാക്കിയില്ല” എന്നായിരുന്നു. “അത് എന്നെ തുറിച്ചുനോക്കി, അത് എനിക്ക് നേരെ പാഞ്ഞടുത്തു. അതിനെ ഞാന്‍ പേടിച്ചു…” എന്നൊക്കെയാണ് വെള്ളപ്പോലീസ് പറയുന്നത്. അദ്ദേഹം എന്നോ അയാള്‍ എന്നോ അവന്‍ എന്നോ പോലും ആ പോലീസുകാരന്‍ ഉച്ചരിക്കുന്നില്ല. “It” എന്ന സര്‍വനാമം ആവര്‍ത്തിച്ച് ഉപയോഗിക്കുമ്പോള്‍ ന്യായാധിപന്‍ ഒരക്ഷരം പറഞ്ഞില്ല. നോക്കൂ, മനുഷ്യാവസ്ഥ നിഷേധിക്കപ്പെടുന്നതിനേക്കാള്‍ ക്രൂരമായി മറ്റെന്താണുള്ളത്?
അമേരിക്കയിലെ ദക്ഷിണ സംസ്ഥാനങ്ങളില്‍ പ്രധാന സര്‍ക്കാര്‍ മന്ദിരങ്ങളിലെല്ലാം കോണ്‍ഫെഡറേറ്റ് പതാകകള്‍ പാറിക്കളിക്കുന്നുണ്ട്. നക്ഷത്രങ്ങളും ദീര്‍ഘചതുരങ്ങളും കൊണ്ട് അലംകൃതമായ ഈ പതാകകള്‍ക്ക് എന്ത് ചരിത്ര സ്ഥാനമാണ് ഉള്ളത്? 1800കളില്‍ സൗത്ത് കരോലിനയില്‍ നിന്ന് തുടങ്ങുകയും മറ്റ് ദക്ഷിണ സ്റ്റേറ്റുകളിലാകെ വ്യാപിക്കുകയും ചെയ്ത വിഘടനവാദത്തിന്റെ പ്രതീകമാണ് ഈ പതാക. കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെന്ന പേരില്‍ ഈ സ്റ്റേറ്റുകളുടെ കൂട്ടായ്മ ഇത്തരം പതാക ഉപയോഗിച്ചു. ആഭ്യന്തര യുദ്ധം അവസാനിക്കുകയും യുനൈറ്റഡ് സ്റ്റേറ്റ് (യു എസ്) പുനഃസ്ഥാപിക്കുകയും ചെയ്തപ്പോള്‍ ഈ പതാകകള്‍ മേഖലാപരമായ അഭിമാനത്തിന്റെ ചിഹ്നമായി മാറി. 1960കളില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ തീവ്രവലത് പക്ഷ ഗ്രൂപ്പുകള്‍ വ്യാപക അക്രമം അഴിച്ചുവിട്ടപ്പോള്‍ ഇതേ പതാക അക്രമോത്സുകതയുടെ പ്രതീകമായി ഉപയോഗിക്കപ്പെട്ടു. ഇത് വീശിയാണ് വെള്ളക്കാരുടെ സായുധ സംഘം തെരുവില്‍ മാര്‍ച്ച് നടത്തിയതും കറുത്തവരെ കൊന്നു തള്ളിയതും സ്ത്രീകളെ ബലാത്സംഗം ചെയ്തതും. വംശവെറി ഉള്ളില്‍ അടക്കിപ്പിടിച്ചവരും പുറത്ത് പ്രകടിപ്പിക്കുന്നവരും ഈ പതാക വാഹനങ്ങളിലും വീടുകളിലും ഓഫീസുകളിലും മറ്റും പിന്നീട് പ്രദര്‍ശിപ്പിച്ചുവന്നു. പ്രാദേശിക വികാരത്തിന്റെ പുറത്ത് സ്റ്റേറ്റ് ആസ്ഥാനങ്ങളില്‍ കോണ്‍ഫെഡറേറ്റ് പതാകകള്‍ പാറിക്കളിച്ചു.
എനിക്ക് ശ്വാസം മുട്ടുന്നുവെന്നത് ജോര്‍ജിന്റെ മരണമൊഴി മാത്രമല്ല. അമേരിക്കന്‍ ജനാധിപത്യം തന്നെയാണ് ശ്വാസം മുട്ടി മരിക്കുന്നത്. വൈറ്റ് സൂപ്രമാസിസ്റ്റുകളുടെ ഇംഗിതത്തിന് വഴങ്ങുന്ന ട്രംപുമാര്‍ക്ക് മാത്രം ജയിച്ചുവരാവുന്ന രാഷ്ട്രീയക്രമമായി യു എസ് അധഃപതിച്ചിരിക്കുന്നു.