National
ഫേസ്ബുക്ക് പോസ്റ്റില്‍ യോഗിയെ വിമര്‍ശിച്ച് കമന്റ്; രാജ്യദ്രോഹ കേസ്

ലക്‌നോ | ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചയാള്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി. അലഹബാദ് സ്വദേശിയായ രാജേഷ് കുമാര്‍ ശുക്ലക്കെതിരെയാണ് കേസെടുത്തത്. ആക്ഷേപകരമായ അഭിപ്രായമാണ് ശുക്ല ഫേസ്ബുക്കില്‍ പ്രകടിപ്പിച്ചതെന്ന് ശിവ്കുതി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു.
ഐ പി സി 124 എ (രാജ്യദ്രോഹം), 500, 188, ഐ ടി നിയമത്തിലെ 66ാം വകുപ്പ് തുടങ്ങിയവയാണ് ചുമത്തിയത്.
കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരുന്നതിന് ഉത്തര്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകള്‍ എന്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധി വാടകക്കെടുക്കാത്തതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് അലഹബാദ് സ്വദേശിയായ അനൂപ് സിംഗ് എന്നയാള്‍ കമന്റ് ചെയ്തത് കാരണം യോഗി ഒരു നായയാണ് എന്നായിരുന്നു. ഇതിലാണ് പോസ്റ്റിട്ട ശുക്ലക്കെതിരെ കേസെടുത്തത്. രാജ്യത്തെ സമാധാനനില തകര്‍ക്കാനും മുഖ്യമന്ത്രിയെ അപമാനിക്കാനുമാണ് ഫേസ്ബുക്കിലൂടെ ശുക്ല ചെയ്തതെന്നും എഫ് ഐ ആറില്‍ പറയുന്നു.