Connect with us

International

ഉമര്‍ ബ്‌നു അബ്ദുല്‍ അസീസി (റ)ന്റെ ഖബര്‍ തീവ്രവാദികള്‍ തകര്‍ത്തു

Published

|

Last Updated

ദമസ്‌കസ് | ഉമര്‍ ബ്‌നു അബ്ദുല്‍ അസീസി(റ)ന്റെ ഖബര്‍ തീവ്രവാദികള്‍ നശിപ്പിച്ചു. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലാണ് സംഭവം. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനോട് കൂറുപുലര്‍ത്തുന്ന സംഘമാണ് ഖബര്‍ തകര്‍ത്തത്.

തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഖലീഫയുടെയും പത്‌നിയുടെയും വീട്ടുജോലിക്കാരന്റെയും ഖബറുകള്‍ തകര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇദ്‌ലിബിലെ മാറത് അല്‍ നുഅ്മാനിലെ ദാര്‍ അല്‍ ശര്‍ഖി ഗ്രാമത്തിലാണ് ഖബറുകളുണ്ടായിരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സായുധ സേനയുടെ സഹായത്തോടെ അസദ് ഭരണകൂടം ഈ പ്രദേശം നിയന്ത്രണത്തിലാക്കിയത്. തുര്‍ക്കി മാധ്യമമായ ഡെയ്‌ലി സബാഹ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം ഖലീഫ ഉമറി (റ)ന്റെ പരമ്പരയില്‍ വരുന്ന ഉമര്‍ ബ്‌നു അബ്ദുല്‍ അസീസ് എട്ടാം നൂറ്റാണ്ടില്‍ രണ്ട് വര്‍ഷവും അഞ്ച് മാസവുമാണ് ഭരിച്ചത്.

സിറിയന്‍ പ്രസിഡന്റ് അസദിനോട് കൂറുപുലര്‍ത്തുന്ന സായുധ സംഘം ഇതാദ്യമായല്ല കീഴടക്കുന്ന സ്ഥലങ്ങളിലെ മഖ്ബറകളും ഖബറുകളും തകര്‍ക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും 2015ലും സിറിയന്‍ സൈന്യവും സായുധ സംഘവും ഖബറുകള്‍ തകര്‍ത്തിരുന്നു.