International
കറുത്ത വംശജന്റെ കൊലപാതകം; യു എസില്‍ കത്തുന്ന പ്രതിഷേധം

വാഷിംഗ്ടണ്‍ | കറുത്ത വംശജനെ പോലീസ് കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധം യു എസിനെ പിടിച്ചുകുലുക്കുന്നു. നിരായുധനായ ജോര്‍ജ് ഫ്‌ളോയ്ഡ് എന്നയാളെയാണ് മിനപൊളിസ് നഗരത്തില്‍ വച്ച് ഒരു പോലീസുദ്യോഗസ്ഥന്‍ കൊലപ്പെടുത്തിയത്. മിനപൊളിസിലെ മിനെസോട്ടയിലുള്ള പോലീസ് സ്‌റ്റേഷനകത്തു പ്രവേശിച്ച പ്രക്ഷോഭകര്‍ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ക്കു തീയിട്ടു. ഇതേ തുടര്‍ന്ന് പോലീസുകാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു.
തന്റെ കാല്‍മുട്ട് ജോര്‍ജിന്റെ കഴുത്തിലമര്‍ത്തി ശ്വാസം മുട്ടിച്ചാണ് പോലീസുദ്യോഗസ്ഥന്‍ കൊലപാതകം നിര്‍വഹിച്ചത്. മറ്റു മൂന്നു പോലീസുകാരും കൊലപാതകത്തിനു കൂട്ടുനിന്നു. എനിക്കു ശ്വാസമെടുക്കാന്‍ കഴിയുന്നില്ലെന്നു പറഞ്ഞ് ജോര്‍ജ് ജീവനു വേണ്ടി യാചിക്കുന്നത് സംഭവവുമായി ബന്ധപ്പെട്ട വീഡിയോയിലുണ്ട്. എന്നിട്ടും കഴുത്തില്‍ നിന്ന് കാല്‍ മാറ്റാന്‍ പോലീസുകാരന്‍ തയാറായില്ല.
കൃത്യം നടത്തിയ നാലു പോലീസുകാരെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് നീതി ലഭ്യമാക്കണമെന്നും പ്രക്ഷോഭത്തില്‍ പങ്കെടുത്ത ജോര്‍ജിന്റെ കുടുംബാംഗങ്ങളും സാമുദായിക നേതാക്കളും പ്രദേശവാസികളും ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റു ചെയ്ത് വധശിക്ഷ നല്‍കാന്‍ നിയമപാലകര്‍ തയാറാകണമെന്ന് ജോര്‍ജിന്റെ സഹോദരന്‍ ഫിലോനീസ് ഫ്‌ളോയ്ഡ് വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവെ പറഞ്ഞു.
കൊലപാതകം നടന്നതിന്റെ മൂന്നാം ദിനം രാത്രിയും നൂറുകണക്കിന് പേരാണ് മിനെപൊളിസിലെ തെരുവിലിറങ്ങിയത്.
പ്രക്ഷോഭത്തെ നേരിടാന്‍ യു എസ് ദേശീയ സേനയെ നിയോഗിച്ച മിനെസോട്ട ഗവര്‍ണര്‍ ടിം വാള്‍സ്, മിനെപൊളിസ്, സെയിന്റ് പോള്‍ സിറ്റികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.