Connect with us

National

ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

Published

|

Last Updated

റായ്പുര്‍ | ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് പാര്‍ട്ടി നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. റായ്പൂറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ ലോക്‌സഭാംഗവും രാജ്യസഭാംഗവുമായിരുന്നു മുന്‍ ഐ എ എസ് ഓഫീസര്‍ കൂടിയായ ജോഗി. 2000 നവംബര്‍ മുതല്‍ മൂന്നു വര്‍ഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറിനു നേതൃത്വം നല്‍കിയ ജോഗിയെ 2016ല്‍ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചായിരുന്നു പുറത്താക്കല്‍. തുടര്‍ന്ന് ജോഗി ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് എന്ന പുതിയ പാര്‍ട്ടി സ്ഥാപിക്കുകയായിരുന്നു.

ഛത്തീസ്ഗഡ് സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് അജിത് ജോഗി. സംസ്ഥാന രൂപവത്ക്കരണം മുതല്‍ 2007 വരെ സംസ്ഥാനത്തെ കോണ്‍ഗ്രസിന് നേതൃത്വം നല്‍കി. 2003 ഡിസംബര്‍ മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന ബി ജെ പി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി ജെ പി എം എല്‍ എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്നത് ഒളികാമറയില്‍ പെട്ടതോടെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. 2004 ഏപ്രില്‍ 30ന് നടന്ന കാറപകടത്തില്‍ രണ്ടു കാലും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വീല്‍ചെയറിലായി. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാസമുന്ദില്‍ നിന്ന് വിജയിച്ചു. 2008ല്‍ മാര്‍വാഹി മണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും വിജയം നേടി.
2016 ജൂണിലാണ് അജിത് ജോഗിയും മകനും ചേര്‍ന്ന് ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയത്.

Latest