Connect with us

Gulf

ഷാർജയിൽ നിന്നും കണ്ണൂരിലേക്ക് പോയ യുവതിയും കുഞ്ഞും വിമാനത്താവളത്തിൽ ഒറ്റപ്പെട്ടു  

Published

|

Last Updated

 

അബുദാബി |  കര്‍ശനസുരക്ഷാ ക്രമീകരണങ്ങളോടെ ഷാർജയിൽ നിന്നും പോയ യുവതിക്കും പിഞ്ചുകുഞ്ഞിനും കണ്ണൂര്‍ വിമാനത്താവളത്തില്‍ നേരിട്ടത് ക്രൂരമായ പീഡനം. ആരോഗ്യപ്രവര്‍ത്തകരോ സര്‍ക്കാര്‍ പ്രതിനിധികളോ തിരിഞ്ഞുനോക്കാന്‍പോലും തയ്യാറാവാതെ ഒടുവില്‍ യുവതിക്കും കുഞ്ഞിനും സ്വന്തമായി ടാക്‌സി വിളിച്ച് വീട്ടിലേക്കെത്തേണ്ടിവന്നു. നീലേശ്വരം താലൂക്ക് ആശുപത്രിക്ക് സമീപം വാണിയം വയലിലെ പ്രവാസി ദിലീപിന്റെ ഭാര്യ രമ്യക്കും രണ്ടുമാസം പ്രായമായ കുഞ്ഞിനുമാണ് കോവിഡ് പ്രതിരോധങ്ങള്‍ക്കിടയിലും വിമാനത്താവളത്തില്‍ കടുത്ത അവഗണനയും പീഡനവും നേരിടേണ്ടിവന്നത്.

ഷാര്‍ജയില്‍ നിന്നും ബുധനാഴ്ച  വൈകീട്ട് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രമ്യയും കുഞ്ഞും വിമാനത്താവളത്തിലെ നടപടി ക്രമങ്ങള്‍ക്കുശേഷം 4 മുതല്‍ 8 വരെ നാട്ടിലേക്ക് പോകാന്‍ കഴിയാതെ വിമാനത്താവളത്തില്‍തന്നെ കഴിയേണ്ടിവന്നു. ഇവര്‍ക്ക് ഭക്ഷണം പോലും ലഭിച്ചതുമില്ല. കുഞ്ഞും താനും തനിച്ചാണെന്ന് പറഞ്ഞിട്ടുപോലും ഇവരെ സഹായിക്കാന്‍ ആരും തന്നെ വിമാനത്താവളത്തിലുണ്ടായിരുന്നില്ല. സഹായം ചോദിച്ച് ചെന്നവരൊക്കെ ഇവരോട് വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്ന് ആക്ഷേപമുണ്ട്. ഒടുവില്‍ സ്വന്തമായി ടാക്‌സി വാടകക്കെടുത്താണ് രമ്യ നാട്ടിലേക്കെത്തിയത്.

നാട്ടിലെത്തിയാല്‍ ക്വാറന്റൈനില്‍പോകാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് നേരത്തെ നിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കിലും രാത്രി 11 ന്  നാട്ടിലെത്തിയ രമ്യയെ  വ്യാഴാച ഉച്ചവരെയും ആരോഗ്യപ്രവര്‍ത്തകരോ സര്‍ക്കാര്‍ പ്രതിനിധികളോ നഗരസഭാ അധികൃതരോ തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. ക്വാറന്റൈന്‍ സൗകര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മുറികളൊന്നും ഒഴിഞ്ഞുകിടപ്പില്ലെന്നും സൗകര്യമുള്ളിടത്ത് താമസിക്കാമെന്നുമായിരുന്നു മറുപടി ലഭിച്ചത്. ഒടുവില്‍ വീട്ടുകാരെ മറ്റൊരു വീട്ടിലേക്ക് മാറ്റിയ ശേഷം സ്വന്തം വീട്ടിൽ കുഞ്ഞുമായി ക്വററ്റൈനിൽ കഴിയുകയാണ് രമ്യ.

വിമാനത്താവളത്തിലും പിന്നീട് നാട്ടിലും തനിക്കുണ്ടായ ദുരവസ്ഥ അറിയിക്കാൻ കാസർഗോട് കലട്രേറ്റുമായി ബന്ധപെട്ടപ്പോഴും വ്യക്തമായ ഉത്തരം നൽകാൻ പോലും അധികൃതർ തയ്യാറായില്ലത്രെ. .

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest