Covid19
പ്രവാസികള്‍ക്ക് മേല്‍ അമിതഭാരം ചുമത്തരുത്; സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണം: കാന്തപുരം

കോഴിക്കോട് | കൊവിഡ് 19 അതിരൂക്ഷമായി സാമൂഹിക വ്യാപനത്തിന്റെ വെല്ലുവിളി ഉയര്‍ത്തുന്ന ഈ ഘട്ടത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും കഴിയുന്ന കേരളീയരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ജന്മനാട്ടിലേക്കുള്ള കവാടങ്ങള്‍ കൊട്ടിയടക്കാതെയുള്ള സര്‍ക്കാര്‍ നടപടികള്‍ ശ്ലാഘനീയമാണ്. അതീവ ജാഗ്രത പുലര്‍ത്തേണ്ട ഈ സമയത്ത് സര്‍ക്കാറും ആരോഗ്യ പ്രവര്‍ത്തകരും നടത്തുന്ന അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കേണ്ടത് നമ്മുടെ ബാധ്യതയാണ്.
അതേസമയം, വിദേശത്ത് നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ കാര്യത്തില്‍ ഇന്നലെ പുറത്തുവന്ന സര്‍ക്കാര്‍ തീരുമാനം നിരാശാജനകമാണെന്നും കാന്തപുരം പറഞ്ഞു. പ്രവാസലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ പെയ്ഡ് ക്വാറന്റൈന്‍ നിര്‍ദേശം കൊവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ നിഷ്പ്രഭമാക്കുന്നതും സര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിച്ച പ്രവാസികളെ ആശങ്കപ്പെടുത്തുന്നതുമാണ്. മാസങ്ങളായി തൊഴില്‍ നഷ്ടപ്പെട്ട് മറ്റുള്ളവരുടെ കനിവില്‍ വിമാനയാത്രക്കൂലി സംഘടിപ്പിച്ചു വരുന്ന പാവപ്പെട്ട പ്രവാസികള്‍ക്ക് ഇത് ഒരിക്കലും വഹിക്കാന്‍ കഴിയുന്നതല്ല. സാഹചര്യങ്ങളുടെ സങ്കീര്‍ണ്ണത ഉള്‍ക്കൊണ്ട് പ്രസ്തുത തീരുമാനം പിന്‍വലിക്കുകയോ പാവപ്പെട്ടവര്‍ക്ക് പൂര്‍ണമായ ഇളവ് അനുവദിക്കുകയോ ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
ചില ജില്ലാ ഭരണകൂടങ്ങള്‍ നേരത്തെ തന്നെ ഒഴിഞ്ഞു കിടക്കുന്ന അവരുടെ സ്വന്തം കെട്ടിടങ്ങളില്‍ പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ അനുമതി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമുദായിക സംഘടനകളും സമാനമായ സന്നദ്ധത മുമ്പുതന്നെ സര്‍ക്കാറിനെ അറിയിച്ചതാണ്. ഇക്കാര്യം പരിഗണിച്ച് പ്രവാസികള്‍ക്ക് ഇത്തരം സ്ഥാപനങ്ങളിലോ കെട്ടിടങ്ങളിലോ സര്‍ക്കാര്‍ നിര്‍ദേശം പൂര്‍ണമായി പാലിച്ചുകൊണ്ട് ക്വാറന്റൈനില്‍ കഴിയാനുള്ള അവസരമൊരുക്കണമെന്നും ഈ ദുരിതകാലത്ത് പ്രവാസികള്‍ക്ക് മേല്‍ അമിതഭാരം ചുമത്തരുതെന്നും കാന്തപുരം മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.