National
അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍; ലഡാക്കില്‍ സേനാ ബലം വര്‍ധിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി | സംഘര്‍ഷം ഉടലെടുത്ത അതിര്‍ത്തി മേഖലയില്‍ ചൈനീസ് സൈന്യം അംഗബലം വര്‍ധിപ്പിച്ചതിന് പിന്നാലെ ലഡാക്കില്‍ ഇന്ത്യയും സേനാ സന്നാഹം ശക്തമാക്കി. തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓള്‍ഡിയിലെ പാലത്തിന് സമീപമുള്ള ഇന്ത്യയുടെ സൈനിക പോസ്റ്റിന് സമീപമാണ് കൂടുതല്‍ സൈനികരെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.
കാരക്കോറം ചുരത്തിലെ അവസാനത്തെ സൈനിക പോസ്റ്റാണ് ഇവിടം. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സൈനികമായി തയ്യാറായിരിക്കാന്‍ ഉന്നതതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവികളോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള സേനാ മേധാവികളുമായും മോദി ചര്‍ച്ച നടത്തി.
ചൈനീസ് സൈന്യത്തെ ഇന്ത്യയുടെ മണ്ണിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ പ്രതിരോധിക്കുക എന്നലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ നീക്കം.
നിലവില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ ചൈനീസ് സൈനികര്‍ മുഖത്തോട് മുഖം നില്‍ക്കുന്നതിന് തുല്യമായ സാഹചര്യത്തില്‍ കൂടിയാണ് കടന്ന് പോകുന്നത്.
നിയന്ത്രണ രേഖയില്‍ നിലവില്‍ തുടരുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍അനുവദിക്കില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ ആധിപത്യം സ്ഥാപിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇന്ത്യ ഇവിടെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ദര്‍ബുക്‌ഷൈക് ദൗലത് ബേഗ് ഓള്‍ഡി റോഡ് നിര്‍മാണം തടയുക എന്നതാണ് ചൈനയുടെ ശ്രമം. ഇന്ത്യക്ക് സൈനികമായി മേല്‍കൈ നല്‍കുന്ന റോഡ് നിര്‍മാണം പൂര്‍ത്തിയാകാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നും സേനാ വൃത്തങ്ങള്‍ പറയുന്നു.
ലഡാക്കില്‍ ചൈന 5,000 സൈനികരെ വിന്യസിച്ചിട്ടുണ്ടാകാമെന്നാണ് ഇന്ത്യന്‍ സൈന്യം കണക്കുകൂട്ടുന്നത്. ദോക്ലാം സംഘര്‍ഷത്തിന് സമാനമായ സാഹചര്യത്തിലേക്കാണ്ലഡാക്കില്‍ കാര്യങ്ങള്‍ പോകുന്നത്.
അതേസമയം ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈന്യത്തിനോട് യുദ്ധസജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.