Covid19
ആസൂത്രണമില്ലാതെ രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണ്‍ പരാജയം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗണ്‍ പരാജയമായിരുന്നു. ആസൂത്രണമില്ലാതെ ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതിന്റെ പരിണിത ഫലങ്ങളാണ് രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നത്. ലോക്ക് ഡൗണിന്റെ ഉദ്ദേശവും ലക്ഷ്യവും പരാജയപ്പെട്ടെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഒരു ഗുണവും രാജ്യത്തിന് ഇതുവരെ ലഭിച്ചില്ല. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യയാണ്.
കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുക്കുമ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ ഒന്നും തന്നെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നില്ല. സംസ്ഥാന സര്‍ക്കാറുകള്‍ തനിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. കൊവിഡില്‍ ദുരിതം അനുഭവിക്കുന്ന പാവങ്ങളെ സഹായിക്കാന്‍ കോണ്‍ഗ്രസ് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.