Covid19
പാലക്കാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സാമൂഹ്യ വ്യാപന ആശങ്ക

പാലക്കാട് |ജില്ലയില്‍ അഞ്ച് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളില്‍നിന്നു വന്ന നാലു പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ജില്ലയില്‍ സാമിഹ്യവ്യാപന ആശങ്ക ശക്തിപ്പെടുന്നതായും മന്ത്രി പറഞ്ഞു.ഇതോടെ ജില്ലയില്‍ 53 പേരാണ് രോഗബാധിതരായി ചികില്‍സയിലുള്ളത്.
പ്രവാസികളായിട്ടുള്ള ആളുകള്‍ ഇനിയും വരണ്ടാ എന്ന് പറയാന്‍ കഴിയില്ലെന്നും, സംസ്ഥാനത്തിന് പുറത്ത് നിന്നും ധാരാളം പേര്‍ വരുമെന്നും ശക്തമായ ജാഗ്രത വേണമെന്നും എ കെ ബാലന്‍ വ്യക്തമാക്കി. പൊതുഗതാഗതം വര്‍ധിക്കുന്നതോടെ രോഗവ്യാപനം വര്‍ധിക്കുമെന്നും ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ചെയ്തത് പോലെ നിയന്ത്രണങ്ങളും ഇനി സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ശക്തമായ സഹകരണം വേണമെന്നും ക്വാറന്റീനില്‍ കഴിയേണ്ടവര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
നിരീക്ഷണത്തിലുള്ളവര്‍ വീട്ടിലുള്ളവരുമായി ഇടപെട്ടതും ഇവര്‍ പുറത്തുപോയതായും കണ്ടെത്തിയിട്ടുണ്ട്. ചെക്‌പോസ്റ്റില്‍ അല്‍പ സമയം ചെലവഴിച്ചവര്‍ക്കും അല്‍പനേരം നിന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്. രോഗവ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഇതു വീണ്ടും നീട്ടും.