Covid19
ചൈനയില്‍ പോസിറ്റീവ് കേസുകളില്ലാത്ത ആദ്യ ദിനം; ആഗോളതലത്തില്‍ രോഗബാധിതര്‍ വര്‍ധിക്കുന്നു

ബീജിംഗ് | കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയില്‍ മഹാമാരി പടര്‍ന്നുപിടിച്ചതിന് ശേഷം ഇതാദ്യമായി ഇന്ന് ഒരു പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്തില്ല. ജനുവരിയില്‍ ചൈനയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഈ അനുഭവം. കൊറോണ ബാധിച്ച് ഒരാളും വെള്ളിയാഴ്ച മരിച്ചിട്ടില്ലെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ രണ്ട് പേരെ കൊറോണ സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം, ആഗോളതലത്തില കൊറോണ ബാധിതരുടെ എണ്ണം 53,26,194 ആയി ഉയര്‍ന്നു. 340,383 പേര്‍ മരിച്ചു. 21,74,503 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള യുഎസില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 16,45,353 ആയി. മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 97,655 പേരാണ് ഇതുവരെ യുഎസില്‍ മരിച്ചത്.
മരണസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടണില്‍ മരിച്ചവരുടെ എണ്ണം 36,393 ആയി. 254,195 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്.
റഷ്യയില്‍ കൊറോണ ബാധതിരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 9,434 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇവിടെ രോഗ ബാധതര്‍ 3,35,882 ആയി. എന്നാല്‍ റഷ്യയില്‍ മരണസംഖ്യ താരതമ്യേന കുറവാണ്. 3388 മരണമാണ് ഇതുവരെ രേഖപ്പെടുത്തിയത്.
ബ്രസീലാണ് മറ്റൊരു ഹോട്‌സ്‌പോട്ട്. ഇവിടെ 1492 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗ ബാധിതര്‍ 3,32,382 ആയി ഉയര്‍ന്നു. 21,116 ആണ് മരണസംഖ്യ.
ഇറ്റലിയില്‍ 32,616, സ്‌പെയിനില്‍ 28,628, ഫ്രാന്‍സില്‍ 28,289 എന്നിങ്ങനെയാണ് ഇരുപതിനായിരത്തിന് മുകളില്‍ മരണസംഖ്യയുള്ള രാജ്യങ്ങള്‍.