സഊദിയിൽ കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാനുള്ള പാസുകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കണം

Posted on: May 22, 2020 10:53 pm | Last updated: May 22, 2020 at 11:05 pm

ദമാം | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദിയില്‍ ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു സാഹചര്യത്തിൽ  കര്‍ഫ്യൂ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന പാസുകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കണമെന്ന് നഗരഗ്രാമ മന്ത്രാലയം അറിയിച്ചു. വ്യാജ പാസുകള്‍ തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം.

നഗര ഗ്രാമവികസന മന്ത്രാലയത്തിന്റെ ‘ബലദീ’ പോര്‍ട്ടല്‍ വഴിയാണ് പാസുകള്‍ പുതുക്കിനല്‍കുന്നത്. ഇതിനായി സ്ഥാപനയുടമ ‘ബലദീ’ പോര്‍ട്ടലില്‍ നിന്ന് ‘തലബാതീ’ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന പാസുകള്‍ കാണാന്‍ സാധിക്കും. തുടര്‍ന്ന് ജീവനക്കാരന്റെ ജനന തിയ്യതി അടക്കമുള്ള വിവരങ്ങള്‍ നല്‍കി അപ്ഡേറ്റ് ചെയ്ത ശേഷം ഓണ്‍ലൈനില്‍ അപ്രൂവലിനായി മന്ത്രാലയത്തിലേക്ക് അയച്ചു കൊടുക്കണം. പരിശോധനക്ക് ശേഷം പുതിയ പാസുകള്‍ ഓണ്‍ലൈനില്‍ തന്നെ പ്രിന്റ് ചെയ്‌തെടുക്കാന്‍ സാധിക്കും. കര്‍ഫ്യൂ സമയങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ‘തവക്കല്‍നാ’ ആപ്ലിക്കേഷന്‍ വഴിയാണ് പാസുകള്‍ പരിശോധിക്കുക.

കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ബഖാലകലക്കും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, എന്നിവക്കും പ്രവര്‍ത്തിക്കാം.

കോഴികള്‍, പച്ചക്കറി, കന്നുകാലികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, ഗോഡൗണുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, പെട്രോള്‍ പമ്പുകളിലെ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നീ സ്ഥാപങ്ങള്‍ക്ക് രാവിലെ ആറു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പ്രവര്‍ത്തനാനുമതി. റസ്റ്റോറന്റുകള്‍ക്ക് രാവിലെ 10 മുതല്‍ രാത്രി 10 വരെ തുറക്കാം. നിയമ നടപടികള്‍ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുകയും സൗദിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.