Connect with us

Covid19

പെരുന്നാള്‍ പ്രമാണിച്ച് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി ഒമ്പതു വരെ പ്രവൃത്തിക്കാം

Published

|

Last Updated

തിരുവനന്തപുരം | ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവൃത്തി സമയം രാത്രി ഒമ്പതു വരെയാക്കി ദീര്‍ഘിപ്പിച്ചു. ഇതുപ്രകാരം ഇന്നും, മാസപ്പിറവി ഇന്ന് കാണുന്നില്ലെങ്കില്‍ നാളെയും ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി ഒമ്പതു വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച പെരുന്നാള്‍ ആവുകയാണെങ്കില്‍ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകളും മുഖ്യമന്ത്രി നേര്‍ന്നു. സമത്വത്തിന്റെയും സഹനത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നത്. എന്നാല്‍, ലോകം മുഴുവന്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ റമസാനും പെരുന്നാളും വന്നത്. അതുകൊണ്ടു തന്നെ ആഘോഷങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ട്. വിഷമത്തോടെയാണെങ്കിലും പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കാന്‍ മുസ്‌ലിം സഹോദരങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഏറെ അഭിനന്ദനീയമായ കാര്യമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.