Connect with us

Covid19

സംസ്ഥാനത്ത് സ്ഥിതി ആശങ്കാജനകം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 42 പേര്‍ക്ക്‌

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധ കണ്ടെത്തിയ ശേഷം ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച ദിവസമാണ് ഇന്നത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടുപേര്‍ രോഗമുക്തരായി. കൊവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ച ഖദീജക്കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.

കണ്ണൂര്‍- 12, കാസര്‍കോട്- 7, കോഴിക്കോട്, പാലക്കാട്- 5 വീതം, തൃശൂര്‍, മലപ്പുറം 4 വീതം, കോട്ടയം- 2, കൊല്ലം, പത്തനംതിട്ട, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ വീതം തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. 17 പേര്‍ വിദേശത്തു നിന്ന് വന്നതാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട്ടെ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും.

ഇതുവരെ 732 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 216 പേര്‍ ചികിത്സയിലുണ്ട്. 84,258 പേര്‍ നിരീക്ഷണത്തിലാണ്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലുമായി 83,649 പേരും ആശുപത്രികളില്‍ 609 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നു മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51,310 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 49,535 എണ്ണത്തില്‍ രോഗബാധയില്ലെന്ന് വ്യക്തമായി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്ന 7,072 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6,630 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 36 പേര്‍ വീതം ചികിത്സയിലുണ്ട്. പാലക്കാട്- 26, കോഴിക്കോട്- 19, തൃശൂര്‍- 16 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ള മറ്റു ജില്ലകള്‍. നിലവില്‍ 28 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

Latest