പ്രതിദിനം 1.30 ലക്ഷം ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്ത് മര്‍കസ് ഐ സി എഫ്

Posted on: May 21, 2020 10:04 pm | Last updated: May 21, 2020 at 10:04 pm

ദുബൈ | ദുബൈയുടെ വിവിധ മേഖലകളില്‍ പ്രതിദിനം 1,30,000 നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്ത് ദുബൈ മര്‍കസ് ഐ സി എഫ്. ദുബൈ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു മില്യണ്‍ മീല്‍ പദ്ധതിയുമായി കൈകോര്‍ത്താണ് ഈ പ്രവര്‍ത്തനം. വതനി അല്‍ ഇമാറാത്ത് ഫൗണ്ടേഷന്‍, ദുബൈ പോലീസ്, ദാര്‍ അല്‍ബിര്‍, ദാറുല്‍ ഖൈര്‍, ജബല്‍ അലി ഫ്രിസോണ്‍, ഇംദാദ് തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ചാണ് റെഡിമെയ്ഡ് ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യുന്നത്. ജബല്‍ അലി, ദേര, ബര്‍ദുബൈ, കറാമ, സത്‌വ, ഹോര്‍ അല്‍ അന്‍സ്, റാശിദിയ, അവീര്‍, ഖിസൈസ്, അല്‍ ഖൂസ്, അബൂ ഹൈല്‍, ജുമൈറ, ദുബൈ പോര്‍ട്ട്, ഇന്റര്‍നാഷണല്‍ സിറ്റി തുടങ്ങിയ പോയിന്റുകളില്‍ വെച്ചാണ് ഭക്ഷണ വിതരണം നടത്തുന്നത്.

ദുബൈ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജബല്‍ അലി ഐസോലേഷന്‍ ക്യാമ്പില്‍ മൂന്ന് ഷിഫ്റ്റുകളിലായി സംഘടനയുടെ വളണ്ടിയര്‍മാര്‍ സേവനം ചെയ്യുന്നുണ്ട്. രണ്ട് ലക്ഷം ദിര്‍ഹമിലധികം വില വരുന്ന മരുന്നുകള്‍ ഇതിനകം സംഘടന സൗജന്യമായി വിതരണം ചെയ്ത് കഴിഞ്ഞു. മെഡിക്കല്‍ കൗണ്‍സിലിംഗ്, ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ ക്ലാസ് തുടങ്ങിയവയും നടത്തി വരുന്നു. 13 സെക്ടര്‍ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍, ഹെല്‍പ് ഡെസ്‌ക് തുറന്നാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

മുഹമ്മദ് പുല്ലാളൂര്‍, ഡോ. അബ്ദുല്‍ സലാം സഖാഫി, അബ്ദുല്‍ സലാം കോളിക്കല്‍, കരീം ഹാജി തളങ്കര, ഇസ്മായില്‍ കക്കാട്, ബശീര്‍ വെള്ളായിക്കോട്, ശംസുദ്ദീന്‍ പയ്യോളി തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ ആയിരത്തോളം ഐ സി എഫ്, ആര്‍ എസ് സി, കെ സി എഫ് വളണ്ടിയര്‍മാരാണ് വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.