Connect with us

Covid19

ആഭ്യന്തര സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു; 2000 രൂപ മുതല്‍ 18,600 രൂപ വരെ ഏഴ് കാറ്റഗറികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 ലോക്ഡൗണ്‍ മൂലം നിര്‍ത്തിവെച്ച ആഭ്യന്തര വിമാനസര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കാനിരിക്കെ ആഭ്യന്തര സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ച് സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. ആഭ്യന്തര സര്‍വീസുകളെ ഏഴ് കാറ്റഗറികളായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. രണ്ടായിരം രൂപ മുതല്‍ 18,600 രൂപ വരെയാണ് വിവിധ കാറ്റഗറികള്‍ക്ക് ഏര്‍പെടുത്തിയ നിരക്ക്. അടുത്ത മൂന്ന് മാസത്തേക്ക് ഈ നിരക്കുകള്‍ മാത്രമേ എയര്‍ ലൈന്‍ കമ്പനികള്‍ക്ക് ഇടാക്കാനാകൂ.

യാത്രാ ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സര്‍വീസുകളെ കാറ്റഗറികളാക്കി തിരിച്ചത്. 0 മുതല്‍ 30 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള സര്‍വിസ്, 30 മുതല്‍ 60 വരെ ദൈരഘ്യമുള്ളവ, 60 മുതല്‍ 90 വരെ, 90 മുതല്‍ 120 വരെ 120 മുതല്‍ 150 വരെ 150 മുതല്‍ 180 വരെ 180 മുതല്‍ 210 വരെ എന്നിങ്ങനെയാണ് വര്‍ഗീകരണം. ഇതില്‍ ഏറ്റവും കുറഞ്ഞ ദൈര്‍ഘ്യമുള്ള യാത്രക്ക് രണ്ടായിരം രൂപയും ദൈര്‍ഘ്യം കൂടിയ യാത്രക്ക് 18,600 രൂപയുമാകും നിരക്ക്. ഡല്‍ഹി-കൊച്ചി: 5,500 മുതല്‍ 15,700 വരെ, ഡല്‍ഹി-തിരുവനന്തപുരം: 6,500, 18600. കൊച്ചി-ബെംഗളൂരു: 2000 മുതല്‍ 6000 വരെ, കൊച്ചി-പൂനെ: 3500 മുതല്‍ 10,000 വരെ, തിരുവനന്തപുരം-ബെംഗളൂരു: മിനിമം 3,500 പരമാവധി 10,000 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

വിമാനത്തില്‍ സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഇപ്പോള്‍ മധ്യഭാഗത്ത സീറ്റുകള്‍ ഒഴിച്ചിടാന്‍ മാത്രമാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് അവരുടെ മൂന്നില്‍ രണ്ട് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്. ഇതിന് വിശദമായ മാര്‍ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ആഭ്യന്തര സെക്ടറില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.

Latest