Connect with us

Covid19

കൊവിഡ് പ്രതിരോധം; ശരീരോഷ്മാവ് പരിശോധിക്കാന്‍ വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പൊതു കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, മറ്റ് പ്രധാന ഔദ്യോഗിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വരുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എട്ടു തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം) നെടുമ്പാശ്ശേരി വിമാനത്താവളം, കോഴിക്കോട് വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കണ്ണൂര്‍ വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് സംവിധാനം സ്ഥാപിക്കുന്നത്.

ഉപകരണമുപയോഗിച്ച് മൂന്നു മീറ്റര്‍ ചുറ്റളവില്‍ 10 പേരുടെ വരെ ശരീരോഷ്മാവ് വേര്‍തിരിച്ച് കാണാനാകും. ഇതിനു പുറമെ, ഓരോരുത്തരുടെയും മുഖം പ്രത്യേകം കാമറയില്‍ ചിത്രീകരിക്കാനും സാധിക്കും. ആളുകളുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ ഊഷ്മാവ് കണ്ടെത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇന്‍ഫ്രാറെഡ് കാമറയാണ് ഇതിനുപയോഗിക്കുന്നത്. ആളുകള്‍ ഏകദേശം 3.2 മീറ്റര്‍ ദൂരത്ത് എത്തുമ്പോള്‍ തന്നെ ശരീരോഷ്മാവും മുഖചിത്രവും ലഭ്യമാകും. തുടര്‍ന്ന് താപവ്യതിയാനമുള്ള ഓരോ വ്യക്തിയെയും പെട്ടെന്ന് തിരിച്ചറിയാനുമാകും.

മെഷീനില്‍ സംവിധാനിച്ചിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയര്‍ ശരീരോഷ്മാവ് സാധാരണ നിലയിലുള്ളവരുടെയും വ്യതിയാനമുള്ളവരുടെയും ചിത്രം തനിയെ പകര്‍ത്തും. ഉപകരണത്തിലൂടെ കടന്നുപോകുന്ന ആളുകളുടെ എണ്ണവും തനിയെ കണക്കാക്കപ്പെടും. കൂടാതെ, മറ്റ് താപനില കൂടിയ ഉപകരണങ്ങളെ തിരിച്ചറിയുകയും അവയെ ആളുകളുടെ എണ്ണത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും. ശരീരോഷ്മാവ് കണ്ടുപിടിച്ചാലുടന്‍ ഉപകരണം ശബ്ദ മുന്നറിയിപ്പും നല്‍കും.

---- facebook comment plugin here -----

Latest