Connect with us

Editorial

ജനാധിപത്യ വിരുദ്ധമാണ് ഈ നിയമപാലന സംവിധാനം

Published

|

Last Updated

‘അതെ, തീര്‍ച്ചയായും. നിങ്ങള്‍ക്ക് നീണ്ട താടിയുണ്ടായിരുന്നു. അതുകണ്ട് മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ചാണ് നിങ്ങളെ അടിച്ചത്”. മധ്യപ്രദേശിലെ ബെടൂലില്‍ ആശുപത്രിയില്‍ പോകാന്‍ പുറത്തിറങ്ങിയ അഭിഭാഷകനായ ദീപക് ബുന്ദെലെയെ ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ ക്രൂരമായി മര്‍ദിച്ചതിനെ മേലുദ്യോഗസ്ഥന്‍ ന്യായീകരിക്കുന്നതാണിത്. പരാതി പിന്‍വലിക്കാന്‍ പോലീസ് നിരന്തരം സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് മേലുദ്യോഗസ്ഥനുമായി ദീപക് സംസാരിക്കുന്നത്. മാര്‍ച്ച് 23നാണ് ദീപകിന് പോലീസിന്റെ ക്രൂരമര്‍ദനമേല്‍ക്കുന്നത്. പുറത്തിറങ്ങിയതിന്റെ കാരണം വിശദീകരിക്കാന്‍ തുടങ്ങുമ്പോഴേക്കും ഒരു പോലീസുകാരന്‍ ദീപകിനെ അടിച്ചു. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ദീപക് ആവശ്യപ്പെട്ടപ്പോള്‍, സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട പോലീസുകാര്‍ അഭിഭാഷകനെയും ഭരണഘടനയെയും ചീത്ത പറയാന്‍ തുടങ്ങി. ഉടനെ, സമീപത്ത് നിന്ന് കൂടുതല്‍ പോലീസുകാരെത്തി വളഞ്ഞിട്ട് തല്ലി. മര്‍ദനമേറ്റതിന്റെ അടുത്ത ദിവസം പോലീസ് സൂപ്രണ്ടിന് ദീപക് പരാതി നല്‍കി. കൂടാതെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്ത് നല്‍കി. പരാതി പിന്‍വലിക്കാന്‍ പോലീസ് കിണഞ്ഞു ശ്രമിച്ചെങ്കിലും ദീപക് വഴങ്ങിയില്ല. ഒടുവില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എസ് പി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ മെയ് 17നാണ് ഏതാനും പോലീസുകാര്‍ മൊഴിയെടുക്കാന്‍ ദീപകിന്റെ വീട്ടിലെത്തിയത്. ഈ സമയത്താണ് താടി കണ്ട് മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ച് അടിച്ചതാണെന്ന് പോലീസുകാര്‍ മറയില്ലാതെ പറയുന്നത്. ജനാധിപത്യ- മതേതരത്വ ആശയങ്ങള്‍ ജീവവായുവായി കാണുന്ന ഒരു രാജ്യത്തെ നിയമ പാലന സംവിധാനത്തിനേറ്റ മാരക വൈറസ് ആക്രമണത്തിന്റെ നിദര്‍ശനമാണിത്.

കൊറോണ വൈറസ് വ്യാപന ഭീതിയിലിരിക്കെ മെയ് 12ന് പശ്ചിമ ബംഗാളിലെ ഭദ്രേശ്വറിലെ തെലിനിപാരയില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു സംഭവമുണ്ടായി. ഫെബ്രുവരി അവസാനവാരം വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ ആസൂത്രിത ഭീകരവാഴ്ചയുടെ ആവര്‍ത്തനമായിരുന്നു ഇത്. മെയ് 12ന് ഉച്ചക്ക് 12.30നും ഒരു മണിക്കും ഇടയില്‍ ഭദ്രേശ്വറിലൂടെയൊഴുകുന്ന ഹൂഗ്ലി നദിയുടെ മറുകരയില്‍ നിന്ന് 500- 600 പേരടങ്ങുന്ന സംഘം ആയുധങ്ങളും പെട്രോള്‍- ആസിഡ് ബോംബുകളുമായി എത്തി ഭീകരവാഴ്ച നടത്തുകയായിരുന്നു. ന്യൂനപക്ഷങ്ങളുടെ വീടുകളും കടകളും വാഹനങ്ങളും തിരഞ്ഞുപിടിച്ച് അക്രമികള്‍ നശിപ്പിച്ചു. ദര്‍ഗയും തകര്‍ത്തു. അക്രമികള്‍ ഇരച്ചെത്തിയ സമയത്ത് തന്നെ പ്രദേശവാസികള്‍ വിവരങ്ങള്‍ അറിയിച്ചെങ്കിലും പോലീസ് എത്തിയത് 2.30നാണ്. അതും ലാത്തി മാത്രം കൈയിലേന്തി 10- 12 പോലീസുകാര്‍. ഇവരെ അക്രമികള്‍ കല്ലെറിഞ്ഞു ഓടിച്ചു. കൂടുതല്‍ പോലീസെത്തുമ്പോഴേക്കും വൈകീട്ട് നാല് മണിയായി.

അപ്പോഴേക്കും അക്രമികള്‍ അവരുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചിരുന്നു. നദിക്കപ്പുറമുള്ള പ്രദേശം ബരാക്പൂര്‍ ജില്ലയിലെ ജഗത്ദാലാണ്. ഇവിടെയുള്ള ബി ജെ പി നേതാവും എം പിയുമായ അര്‍ജുന്‍ സിംഗിന്റെ ആളുകളാണ് അക്രമം അഴിച്ചുവിട്ടത്. മെയ് പത്തിനുണ്ടായ പ്രാദേശിക തര്‍ക്കവും അടിപിടിയും കച്ചിത്തുരുമ്പാക്കിയും ഇവ അടിസ്ഥാനമാക്കി വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയുമാണ് രണ്ട് ദിവസം കഴിഞ്ഞ് ആസൂത്രിത അക്രമത്തിന് സംഘ്പരിവാര്‍ നിലമൊരുക്കിയത്. പ്രദേശത്തെ ഒരു മുസ്‌ലിം കുടുംബത്തില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും തുടര്‍ന്ന് ഗാട്ടിലെ പൊതുശൗച്യാലയം മുസ്‌ലിംകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ചിലര്‍ വിലക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അടിപിടിയുണ്ടായി. അന്ന് തന്നെ പോലീസെത്തി പ്രശ്‌നം പരിഹരിച്ചു. പിറ്റേദിവസം സാധാരണ പോലെയായിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം ഉച്ചക്കാണ് ഈ പറഞ്ഞ അക്രമങ്ങളുണ്ടായത്. മുസ്‌ലിംകളുടെ നിരവധി വീടുകളും കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തു. മുസ്‌ലിം പേരുകളില്ലാത്ത കടകള്‍ക്കോ വീടുകള്‍ക്കോ വാഹനങ്ങള്‍ക്കോ ഒരു പോറല്‍ പോലും പറ്റാതിരിക്കാന്‍ അക്രമികള്‍ പ്രത്യേകം ശ്രദ്ധിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ ഇരകളെ ആശ്വസിപ്പിക്കാന്‍ പ്രദേശത്തെ കൗണ്‍സിലര്‍ പോലും എത്തിയിട്ടില്ല. കോണ്‍ഗ്രസ് നേതാവായ ചിത്ര ചൗധരിയാണ് കൗണ്‍സിലര്‍. സ്ഥലം എം എല്‍ എ സംസ്ഥാന മന്ത്രി കൂടിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഇന്ദ്രനീല്‍ സെന്‍ ആണ്. ഇവരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
മെയ് എട്ടിന് ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ ഷാപൂര്‍ അദ്ദയില്‍ നോമ്പ് തുറക്കുന്ന സമയം ഒരു സംഘം പോലീസുകാര്‍ മുസ്‌ലിം വീടുകളിലെത്തി അക്രമം അഴിച്ചുവിട്ടിരുന്നു. പുരുഷന്മാരെയും കുട്ടികളെയും സ്ത്രീകളെയും വയോധികരെയും പോലീസ് ക്രൂരമായി മര്‍ദിച്ചു. ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും വയറില്‍ ലാത്തി കൊണ്ട് അടിക്കുകയും ചെയ്തു. ഇതേദിവസം ജമ്മു കശ്മീരിലെ ബുദ്ഗാമിലുള്ള നസ്‌റുല്ലപോരയില്‍ സമാന സംഭവങ്ങളുണ്ടായി. പോലീസും സി ആര്‍ പി എഫും സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പും ഗ്രാമത്തിലെ ഓരോ വീടും കയറിയിറങ്ങി ഭീകരവാഴ്ച നടത്തി. കണ്ണില്‍ കണ്ടവരെയെല്ലാം അടിച്ചും സര്‍വതും തകര്‍ത്തുമാണ് പോലീസ് പെരുമാറിയത്.

രാജ്യത്ത് പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള അക്രമ സംഭവങ്ങളും വ്യവസ്ഥിതി തന്നെ അതിന് കുടപിടിക്കുന്നതും ആവര്‍ത്തിക്കുകയാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സംഭവത്തില്‍ നാം അതു കണ്ടു. ഡല്‍ഹിയിലെ ഇരകള്‍ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നിരന്തരം അറസ്റ്റുകളും പ്രതികാര നടപടികളും തുടരുകയാണ്. ഡല്‍ഹിയിലെ നരനായാട്ടിന് കാരണമായത് ബി ജെ പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗമാണെന്ന് എല്ലാവരും ചൂണ്ടിക്കാട്ടിയിട്ടും ഇതുവരെ അദ്ദേഹത്തിനെതിരെ കേസെടുക്കുകയോ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. ജെ എന്‍ യുവില്‍ ജനുവരി ആദ്യവാരം നടത്തിയ അക്രമ പരമ്പരകളിലും അറസ്റ്റുണ്ടായിട്ടില്ല. കൊറോണ വൈറസ് വ്യാപനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ ഘട്ടത്തില്‍ പ്രത്യേക മതവിഭാഗത്തെ ഉന്നമിട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നാം കണ്ടതാണ്. ഇത്തരം പ്രചാരണങ്ങള്‍ പരിധി വിട്ടപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും തന്റെ ട്വിറ്ററില്‍ കുറിപ്പ് പ്രസിദ്ധീകരിക്കേണ്ടി വന്നത്. എന്നാല്‍, അതിന് ശേഷവും ഇത്തരം പ്രചാരണങ്ങള്‍ തകൃതിയായി നടക്കുന്നുവെന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവുകളാണ് മധ്യപ്രദേശിലെ അഭിഭാഷകന്‍ ദീപകും പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളുമെല്ലാം.