Connect with us

Kerala

ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ പുറപ്പെട്ടു

Published

|

Last Updated

ന്യൂഡൽഹി | വിദ്യാർഥികൾക്കും ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി ഒറ്റപ്പെട്ടു പോയവർക്കുമായി കേരള സർക്കാരിൻ്റെ പ്രത്യേക ഇടപെടലിൽ അനുവദിച്ച നോൺ എ സി  ശ്രമിക് ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടു. കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിങ്ങനെ അഞ്ചു സ്റ്റോപ്പുകളാണുള്ളത്. ഏഴ് മണിയോടെ ന്യൂഡൽഹി റയിൽവെ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ട്രെയിൻ വെള്ളിയാഴ്ച  തിരുവനന്തപുരത്തെത്തും.

1304 പേരാണ് അവസാന പട്ടികയിൽ ഉൾപ്പെട്ടത്. ഇവരിൽ 1120 പേർ യാത്രക്കായെത്തി. ഡൽഹിയിൽ നിന്നും ജോലി നഷ്ടപ്പെട്ട നഴ്‌സുമാരടക്കം 809 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 311പേരുമാണ് യാത്ര ചെയ്യുന്നത്. യു പിയിൽ നിന്ന് 103, ജമ്മു  കശ്മീരിൽ നിന്ന് 12, ഹരിയാന- 110, ഹിമാചൽ പ്രദേശിൽ നിന്ന് 50, ഉത്തരാഖണ്ഡ് – 36 പേരാണ് യാത്ര ചെയ്യുന്നത്. ഇവരിൽ 700 വിദ്യാർഥികളും 60 ഗർഭിണികളുമുണ്ട്. ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്കായി 11 ജില്ലകളിലായി 12 സ്ക്രീനിംഗ് സെൻററുകൾ ക്രമീകരിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കാനിംഗ് റോഡിലുള്ള കേരള സ്കൂളിലാണ് സ്ക്രീനിംഗ് ക്രമീകരിച്ചത്. ഇവരെ അതത് കേന്ദ്രങ്ങളിൽ ഡൽഹി സർക്കാർ ക്രമീകരിച്ച ഡിടി സി ബസുകളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. കേരള സ്കൂളിൽ നിന്നുള്ള യാത്രക്കാരെ ഡൽഹി സർക്കാരിൻ്റെ 10 ബസുകളിലും പണിക്കേഴ്സ് ട്രാവൽസിൻ്റെ രണ്ടു ബസുകളിലുമായി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.

കേരള സ്കൂളിൽ എത്തിയവർക്ക് ജനസംസ്കൃതി, ഡൽഹി മലയാളി അസോസിയേഷൻ, ആൾ ഇന്ത്യ മലയാളി അസോസിയേഷൻ എന്നീ ഡൽഹിയിലെ മലയാളി സംഘടനകളും കേരള എഡ്യുക്കേഷൻ സൊസൈറ്റിയും ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തി. ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഡൽഹി സർക്കാരും ഒരു ദിവസത്തെ ഭക്ഷണം ക്രമീകരിച്ചു. കേരള സർക്കാരിനു വേണ്ടി കേരള ഹൗസും നോർക്കയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. യാത്രക്കാർ രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള ഭക്ഷണവും വെള്ളവും സാനിട്ടൈസർ, മാസ്ക് തുടങ്ങിയവയും കരുതണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണമെന്നും കൊവിഡ് ജാഗ്രതാ വെബ് പോർട്ടലിൽ ഇ-പാസിനായി രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Latest