Kerala
കേന്ദ്രം അനുമതി നല്‍കി; സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26നു തന്നെ

ന്യൂഡല്‍ഹി | എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഈമാസം 26നു തന്നെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം ഈമാസം 26 മുതല്‍ 30 വരെയായിരിക്കും പരീക്ഷ. കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇക്കാര്യം. പരീക്ഷകള്‍ ഉപാധികളോടെ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടത്താന്‍ തീരുമാനിച്ചത്. വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ തീരുമാനം എടുക്കാമെന്ന് മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
പരീക്ഷാ നടത്തിപ്പിന് ആവശ്യമായ മുന്‍ കരുതലുകളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാനുള്ള സജ്ജീകരണമൊരുക്കും. പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് സേ പരീക്ഷയില്‍ അവസരം നല്‍കാനാണ് ആലോചന. ഉന്നത വിദ്യാഭ്യാസത്തിന് അവസരം നഷ്ടപ്പെടുത്താത്ത രീതിയിലായിരിക്കും ക്രമീകരണം. പരീക്ഷാ ടൈം ടേബിള്‍ നേരത്തെ നിശ്ചയിച്ചിരുന്നു. കേന്ദ്ര അനുമതി വൈകിയതിനാലാണ് അനിശ്ചിതത്വമുണ്ടായത്.
പരീക്ഷാ നടത്തിപ്പിന് കേന്ദ്രം ചില ഉപാധികള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പാടില്ല. പരീക്ഷാ ഹാളുകളില്‍ തെര്‍മനല്‍ സ്‌ക്രീനിംഗ് നിര്‍ബന്ധമായും നടത്തണം. വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിച്ചായിരിക്കണം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചു.
മുടങ്ങിയ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26ന് നടത്താനിരുന്ന നീക്കം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉപേക്ഷിച്ചിരുന്നു. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനായിരുന്നു ആലോചന. കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കിയിരുന്നുവെങ്കിലും വിദ്യാലയങ്ങള്‍ തുറക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പരീക്ഷകള്‍ നടത്താന്‍ തന്നെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിച്ചത്. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച തീരുമാനം കേന്ദ്ര നിര്‍ദേശം വന്ന ശേഷം മതിയെന്നായിരുന്നു മന്ത്രിസഭാ യോഗം നിശ്ചയിച്ചിരുന്നത്.