Connect with us

Covid19

അതിഥി തൊഴിലാളികള്‍ക്കായി ബസുകള്‍: തെറ്റായ വിവരം നല്‍കിയതിന് പ്രിയങ്കയുടെ സെക്രട്ടറിക്കെതിരെ എഫ് ഐ ആര്‍

Published

|

Last Updated

ന്യൂഡല്‍ഹി അതിഥി തൊഴിലാളികളെ കൊണ്ടുവരുന്നതിനായി ഏര്‍പ്പെടുത്തിയ ബസുകള്‍ സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയതിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിക്കെതിരെ എഫ് ഐ ആര്‍. ഓട്ടോകള്‍, ഇരുചക്രവാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തി ബസുകളുടെ പട്ടിക അയച്ചതായി ആരോപിച്ചാണ് എഫ് ഐ ആര്‍. യു പി കോണ്‍ഗ്രസ് നതാവ് അജയ് കുമാര്‍ ലല്ലുവിനുമെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലു പ്രതികരിച്ചു.

സംസ്ഥാനത്ത് റോഡപകടത്തില്‍ 24 തൊഴിലാളികള്‍ മരിക്കുകയും 36 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന്, അതിഥി തൊഴിലാളികള്‍ക്കായി 1,000 ബസുകള്‍ സര്‍വീസ് നടത്താമെന്ന് പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പ് പ്രിയങ്കയുടെ അഭ്യര്‍ഥനക്ക് യു പി സര്‍ക്കാര്‍ അനുവാദം നല്‍കി. ബസുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കക്കു കത്തും നല്‍കി. ലക്‌നൗവില്‍ ബസുകള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച് മറുപടി കത്തു നല്‍കി.

പിന്നാലെ 500 ബസുകള്‍ വീതം നോയിഡ, ഗാസിയാബാദ് അതിര്‍ത്തികളിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടു സര്‍ക്കാര്‍ മറ്റൊരു കത്തു നല്‍കി. രേഖകള്‍ പരിശോധിച്ച് എത്രയും പെട്ടെന്ന് ബസുകള്‍ ഉപയോഗിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പെര്‍മിറ്റ് എടുക്കാന്‍ സമയം വേണമെന്നും വൈകിട്ട് അഞ്ച് മണിയോടെ മാത്രമേ ബസുകള്‍ എത്തിക്കാന്‍ കഴിയുകളുള്ളുവെന്നും പ്രിയങ്കയുടെ ഓഫീസ് മറുപടി നല്‍കി.

ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ദീപക് ഭതി ചോട്ടിവാല, പ്രിയങ്ക ഗാന്ധി കുടിയേറ്റക്കാര്‍ക്കായി വാഗ്ദാനം ചെയ്ത ബസുകള്‍ക്ക് യോഗി ആദിത്യനാഥ് അനുമതി നല്‍കുന്നില്ലെന്ന് കാണിച്ച് ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത് വിവാദമായി. 2019 ഫെബ്രുവരിയില്‍ യു പിലെ പ്രയാഗ്‌രാജില്‍ നടന്ന കുംഭമേളയില്‍ 503 ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചിത്രമായിരുന്നു പ്രിയങ്ക ഏര്‍പ്പാടിക്കിയ ബസെന്ന് പറഞ്ഞ് ട്വിറ്ററിലിട്ടത്. സത്യം വ്യക്തമായതോടെ കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നല്‍കിയ ബസുകളുടെ നമ്പര്‍ സംബന്ധിച്ചും വിവാദമുണ്ടായത്. ഈ വിഷയത്തിലാണ് ഇപ്പോള്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ യോഗി സര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. അതിഥി തൊഴിലാളികളെ സഹായിക്കാന്‍ രാഷ്ട്രീയഭിന്നത മറന്നു പ്രവര്‍ത്തിക്കേണ്ട സമയത്ത് സാധ്യമായ എല്ലാ തടസങ്ങളും സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest