International
ലോകത്ത് കൂടുതല്‍ കൊവിഡ് രോഗികള്‍ അമേരിക്കയിലാണെന്നത് ബഹുമതിയായി കാണുന്നു: ട്രംപ്

വാഷിംഗ്ടണ്‍ | ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ അമേരിക്കയിലാണെന്നത് ബഹുമതിയായി കാണുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നു എന്നതിനര്‍ഥം മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ രോഗ പരിശോധന ഇവിടെ നടക്കുന്നുവെന്നതാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ രോഗികളുള്ളത് മോശമായി കാണേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയില്‍ കൊവിഡ് രോഗികള്‍ 15 ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ ഇത്തരം പ്രതികരണം നടത്തിയത്.
അമേരിക്കയിലെ രോഗ പരിശോധനാ സംവിധാനം വളരെ മികച്ചതായതിനാലാണ് കൂടുതല്‍ കേസുകള്‍ ഉണ്ടായത്. നിലവില്‍ ആരോഗ്യ മേഖലയില്‍ ജോലിയെടുത്തവര്‍ക്കുള്ള ആദരവ് കൂടിയാണിതെന്നും ട്രംപ് പറഞ്ഞു. കൊവിഡ് പടര്‍ന്നു പിടിക്കുന്ന ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശന നിരോധനം ഏര്‍പ്പെടുത്തതിനെക്കുറിച്ച് അമേരിക്ക ഗൗരവത്തില്‍ ആലോചിക്കുകയാണ്. മറ്റൊരിടത്തു നിന്നും ആളുകള്‍ ഇവിടെ വരികയോ ഞങ്ങളുടെ ആളുകള്‍ക്ക് വൈറസ് ബാധ പടര്‍ത്തുകയോ ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ല. ഇവിടെയുള്ള ആളുകളെ രോഗികളാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ബ്രസീലിന് വെന്റിലേറ്റര്‍ കൊടുത്ത് സാഹായിക്കുന്നുണ്ട്. ബ്രസീല്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതേ പറ്റി കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും വേണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.