Connect with us

Kerala

ഇരുപത്തിയേഴാം രാവ് ഓണ്‍ലൈന്‍ പ്രാര്‍ഥനാ സമ്മേളനത്തിന് ഭക്തി സാന്ദ്രമായ തുടക്കം - LIVE

Published

|

Last Updated

മഅദിന്‍ അക്കാദിക്ക് കീഴില്‍ സംഘടിപ്പിച്ച റമളാന്‍ 27-ാം രാവ് ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന് സമാരംഭം കുറിച്ച് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്നു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തിരൂര്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി എന്നിവര്‍ സമീപം.

മലപ്പുറം | മഅദിന്‍ അക്കാദമി എല്ലാ വര്‍ഷവും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഭക്തി സാന്ദ്രമായ തുടക്കം. മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് ഇത്തവണത്തെ ആത്മീയ സമ്മേളനം. ലോകത്തെ വിവിധയിടങ്ങളിലുള്ളവര്‍ തത്സമയം സംഗമത്തില്‍ പങ്കാളികളാകുന്നുണ്ട്.

ഉച്ചക്ക് 2.30 ന് ആരംഭിച്ച പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രഗത്ഭ പണ്ഡിത പ്രമുഖര്‍ സംബന്ധിക്കുന്നുണ്ട്. ലോക പ്രശസ്ത പണ്ഡിതരായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, ശൈഖ് മുഹമ്മദ് അബുല്‍ ഹുദാ അല്‍ യാഖൂബി, ശൈഖ് സ്വബാഹുദ്ധീന്‍ അല്‍ രിഫാഈ എന്നിവരുടെ ഉദ്ബോധനവും പ്രാര്‍ത്ഥനയും വിശ്വാസികള്‍ക്ക് അനുഗ്രഹമാകും. ഫെയ്സ് ബുക്ക്, യൂടൂബ്, ഇന്‍സ്റ്റാഗ്രാം ലൈവുകളില്‍ ലക്ഷക്കണക്കിന് പേര്‍ സംബന്ധിക്കും. രാത്രി 12 മുതല്‍ മനോരമ ന്യൂസ് ചാനലില്‍ തത്സമയം സംപ്രേക്ഷണമുണ്ടാകും.

പന്ത്രണ്ട് മണിക്കൂറോളം നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ വിവിധ ഘട്ടങ്ങളില്‍ ചൊല്ലേണ്ട കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും സ്‌ക്രീനില്‍ ലഭ്യമാക്കുന്നുണ്ട്. ഓണ്‍ലൈനായി സംശയ നിവാരണത്തിനും വിവിധ മഅ്ദിന്‍ സംരംഭങ്ങളെ പരിചയപ്പെടുത്താനും ക്രമീകരണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വാസികള്‍ക്ക് തടസ്സങ്ങളില്ലാതെ സംബന്ധിക്കാവുന്ന തരത്തലുള്ള എല്ലാ സജ്ജീകരണങ്ങളും മഅ്ദിന്‍ മീഡിയാ വിംഗിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തി.

മഅ്ദിന്‍ കാമ്പസില്‍ എല്ലാമാസവും സംഘടിപ്പിച്ചുവരുന്ന സ്വലാത്ത് പ്രാര്‍ത്ഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണ് റമസാന്‍ പ്രാര്‍ഥനാ സമ്മേളനം. എല്ലാ വര്‍ഷവും മഅ്ദിന്‍ കാമ്പസിലെത്തുകയും വിവിധ സംഗമങ്ങളില്‍ പങ്കാളികളാകുകയും ചെയ്തവര്‍ വിടവ് നികത്തിയത് റമദാന്‍ ഒന്ന് മുതല്‍ മഅ്ദിനില്‍ നടന്ന ഓണ്‍ലൈന്‍ സംഗമങ്ങളില്‍ സംബന്ധിച്ചാണ്.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ഥനയും നിര്‍വഹിക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖീഹ് മലേഷ്യ, സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് റാഷിദ് ബുഖാരി എന്നിവര്‍ പ്രഭാഷണം നടത്തും.

ഉച്ചക്ക് നടന്ന സ്നേഹ കുടുംബം പരിപാടി, അസ്മാഉല്‍ ബദ്ര്‍ മജ്ലിസ് എന്നിവക്ക് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. വൈകുന്നേരം നാല് മുതല്‍ നടന്ന ഖത്്മുല്‍ ഖുര്‍ആന്‍, അഅ്ളമു സ്സ്വലാത്ത്, വിര്‍ദുല്ലത്വീഫ് എന്നിവക്ക് സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാത്രി ഒമ്പത് മുതല്‍ പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, സമാപന പ്രാര്‍ത്ഥന എന്നിവയും നടന്നു.

Latest