Connect with us

National

യു പിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെയും മകനെയും പട്ടാപ്പകല്‍ വെടിവച്ചു കൊന്നു

Published

|

Last Updated

ബറേലി | പടിഞ്ഞാറന്‍ യു പിയില്‍ സമാജ്‌വാദി പാര്‍ട്ടി (എസ് പി) നേതാവിനെയും മകനെയും പട്ടാപ്പകല്‍ വെടിവച്ചു കൊന്നു. എസ് പി നേതാവ് ഛോട്ടെ ലാല്‍ ദിവാകറും മകനുമാണ് സംബല്‍ ജില്ലയിലെ സന്‍സോയി ഗ്രാമത്തില്‍ വച്ച് കൊല്ലപ്പെട്ടത്. ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിക്ക് 200 കിലോമീറ്റര്‍ അകലെയാണ് സംബല്‍.

കേന്ദ്രത്തിന്റെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ പദ്ധതി (എം ജി എന്‍ ആര്‍ ഇ ജി എ) ക്കു കീഴിലുള്ള ഒരു പ്രവൃത്തിയുമായി ബന്ധപ്പെട്ട വഴക്കിനിടെയാണ് ഇരുവര്‍ക്കും വെടിയേറ്റതെന്ന് സംബല്‍ പോലീസ് സൂപ്രണ്ട് യമുന പ്രസാദ് വെളിപ്പെടുത്തി. പദ്ധതി പ്രവര്‍ത്തനം സംബന്ധിച്ച് മുന്‍ ഗ്രാമത്തലവനും ദിവാകറും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. വെടിയേറ്റ ഇരുവരും സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും സംബല്‍ എസ് പി അറിയിച്ചു. അന്വേഷണത്തിന് മൂന്ന് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

നടക്കാനിറങ്ങിയ ദിവാകറിനെയും മകനെയും ബൈക്കിലെത്തിയ അക്രമികള്‍ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. കൃത്യത്തിനു ശേഷം അക്രമികള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു ദിവാകറെന്ന് എസ് പി ജില്ലാ അധ്യക്ഷന്‍ ഫിറോസ് ഖാന്‍ പറഞ്ഞു. എന്നാല്‍, സീറ്റ് എസ് പി-കോണ്‍ഗ്രസ് സഖ്യത്തിലെ മറ്റൊരാള്‍ക്ക് നല്‍കേണ്ടി വന്നതിനാല്‍ ദിവാകറിന് മത്സരിക്കാനായില്ല. ചില പ്രാദേശിക അക്രമികളാണ് കൊലപാതകത്തിനു പിന്നിലെന്നും ഫിറോസ് ഖാന്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest