Covid19
കൊവിഡിനെ പ്രതിരോധിക്കാന്‍ എന്നും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കാറുണ്ടെന്ന് ട്രംപ്

വാഷിംഗ്ടണ്‍ | കൊവിഡ് 19നെ പ്രതിരോധിക്കാന്‍ താന്‍ മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ കൊവിഡ് രോഗിയല്ല, രോഗലക്ഷണങ്ങളുമില്ല. എങ്കിലും പ്രതിരോധത്തിനായി ദിവസവും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കും. സിങ്കുമായി കൂട്ടിലകര്‍ത്തിയാണ് ദിവസം ഒരു ഗുളിക കഴിക്കുന്നതെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അമേരിക്കയിലെ തന്നെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ വിദഗ്ധര്‍ ഫലപ്രദമല്ലെന്ന് പറഞ്ഞ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ദിവസവും കഴിക്കുന്നുണ്ടെന്ന ട്രംപിന്റെ വെളിപ്പെടുത്തല്‍ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. രോഗമില്ലാതെ എന്തിനാണ് ഹൈദ്രോക്‌സി ക്ലോറോക്വിന്‍ കഴിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് നല്ലതാണെന്ന് ഞാന്‍ കരുതുന്നുവെന്നും, അത് കൊണ്ട് പല നല്ല അനുഭവങ്ങളും തനിക്കുണ്ടെന്നുമായിരുന്നു ട്രംപിന്റെ മറുപടി. ഈ മരുന്ന് കഴിക്കുന്നവരുടെ ലിസ്റ്റ് കേട്ടാല്‍ നിങ്ങള്‍ തന്നെ ഞെട്ടും. ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി ആളുകളാണ് ഇത് കഴിക്കുന്നത്. ഞാനും കഴിക്കുന്നുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ൃത്തു.
നേരത്തെ തന്നെ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് പിന്തുണച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ തന്നെ സര്‍ക്കാറിലെ പലരുടെയും എതിര്‍പ്പുകള്‍ വകവെക്കാതെയാണ് ട്രംപ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിന് ശിപാര്‍ശ ചെയ്തത്.