Covid19
ആരോഗ്യ പ്രവര്‍ത്തകക്ക് കൊവിഡ്; എം എല്‍ എ അടക്കം 130 പേര്‍ നിരീക്ഷണത്തില്‍

കൊല്ലം | ബ്ലോക്ക് പഞ്ചായത്ത് അംഗവും കല്ലുവാതുക്കല്‍ സ്വദേശിനിയുമായ ആരോഗ്യ പ്രവര്‍ത്തകക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചാത്തന്നൂര്‍ എം എല്‍ എ ജി എസ് ജയലാല്‍ ഉള്‍പ്പെടെ 130പേര്‍ നിരീക്ഷണത്തില്‍. പ്രാഥമിക പട്ടികയിലുള്ള 40 പേരുടെ സ്രവം പരിശോധനക്ക് അയച്ചു. ഇവര്‍ക്ക് കൊവിഡ് ലഭിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒന്നാം തിയ്യതി മുതല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവര്‍ വിവിധ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. രോഗബാധ അവിടെ നിന്നാകാമെന്നാണ് സംശയം. ഇവരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തിറക്കി.
ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം ബാധിച്ചതോടെ ചാത്തന്നൂര്‍, കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ ജില്ലാഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പാരിപ്പളളി പ്രാഥമിക ആരോഗ്യകേന്ദ്രവും അടച്ചു.
കൊല്ലം ജില്ലക്കാരായ രണ്ട് പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ എറണാകുളത്ത് ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ 20 പേര്‍ക്കാണ് രോഗം ബാധിച്ചത്.