National
ട്രെയിനുകള്‍ റദ്ദാക്കി: ഗുജറാത്തിലും യുപിയിലും സംഘര്‍ഷം; വാഹനങ്ങള്‍ തകര്‍ത്തു

അഹമ്മദാബാദ് | ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ അക്രമാസക്തരായി .രാജ്‌കോട്ടിലെ ഷാപ്പര്‍ വ്യവസായ മേഖലയിലാണ് സംഭവം.
ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജ്‌കോട്ട് എസ്പി ബല്‍റാം മീണ അറിയിച്ചു.പലരും ദിവസങ്ങളോളം കാല്‍നടയായും മറ്റും യാത്ര ചെയ്താണ് അതിര്‍ത്തിയിലെത്തിയത്. ഇതില്‍ കൈക്കുഞ്ഞുങ്ങളും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും.
ഉത്തര്‍പ്രദേശ് മധ്യപ്രദേശ് അതിര്‍ത്തിയിലും വന്‍സംഘര്‍ഷമുണ്ടായി. കുടിയേറ്റ തൊഴിലാളികള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഉത്തര്‍പ്രദേശിലേക്ക് കടന്നു. പോലീസ് ലാത്തി ചാര്‍ജ് നടത്തി ബാരിക്കേഡ് പുനഃസ്ഥാപിച്ചു. കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി വരരുതെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുപി അതിര്‍ത്തികളില്‍ വന്‍ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.